കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ണവെറിയന്‍ നേതാവിനെ തല്ലിക്കൊന്നു

  • By Lakshmi
Google Oneindia Malayalam News

Terre Bamche
ജൊഹന്നാസ്ബര്‍ഗ്: വെള്ളക്കാരുടെ വംശവെറിയന്‍ സംഘടനയുടെ നേതാവ് യൂജീന്‍ ടെറി ബ്ലാഞ്ചെ(62)യെ ദക്ഷിണാഫ്രിക്കയിലെ കര്‍ഷകത്തൊഴിലാളികള്‍ തല്ലിക്കൊന്നു.

ടെറി ബ്ലാഞ്ചെയുടെ കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന കറുത്ത വര്‍ഗക്കാരായ രണ്ടു യുവാക്കളാണ് കൊല നടത്തിയതെന്നും കൂലി കിട്ടാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് പറയുന്നു.

പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും രാജ്യത്തെ വെള്ളക്കാര്‍ സംഭവത്തില്‍ അതൃപ്തരാണ്.

വലതുപക്ഷ നേതാവായ ടെറിബ്ലാഞ്ചയുടെ വധം രാജ്യത്ത് പുതിയ വംശീയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്ന് ആശങ്ക പരന്നിട്ടുണ്ട്.

വെളുത്തവരായ ന്യൂനപക്ഷം കറുത്തവര്‍ഗക്കാരായ ഭൂരിപക്ഷത്തെ ഏറെക്കാലം അടിച്ചമര്‍ത്തി ഭരിച്ചുപോന്ന ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരുടെ ഭരണം നിലനിര്‍ത്താനുള്ള പ്രക്ഷോഭങ്ങള്‍ നടത്തിപ്പോന്നയാളാണ് കര്‍ഷകനായ ടെറി ബ്ലാഞ്ചെ.

വര്‍ണവിവേചനം അവസാനിപ്പിച്ച് ജനാധിപത്യ ഭരണം നിലവില്‍വന്നപ്പോള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും അദ്ദേഹത്തിന്റെ സംഘടന ശ്രമം നടത്തിയിരുന്നു. നാസികളുടെ സ്വസ്ഥികിനോടു സാമ്യമുള്ള ചിഹ്നം പതിപ്പിച്ച പതാകയുമേന്തി പട്ടാളവേഷത്തില്‍ കുതിരപ്പുറത്തേറി പ്രകടനങ്ങള്‍ നയിച്ചിരുന്ന ടെറി ബ്ലാഞ്ചെ കറുത്തവര്‍ഗക്കാരനെ തല്ലിക്കൊന്നതിന് മൂന്നുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

വര്‍ണവിവേചന ഭരണകാലത്ത് ചെറുത്തുനില്‍പ്പിന് ആഹ്വാനം നല്‍കാനുപയോഗിച്ച 'കില്‍ ദ ബോയര്‍' എന്ന ഗാനം ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യൂത്ത് ലീഗ് നേതാവ് ജൂലിയസ് മലേമ കഴിഞ്ഞ മാസം ആലപിച്ചത് പുതിയ വിവാദത്തിന് കാരണമായിരുന്നു.

വെള്ളക്കാരായ കര്‍ഷകരെ വധിക്കുക എന്നര്‍ഥമുള്ള ഗാനം അക്രമസംഭവങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് ആശങ്ക പടരുകയും കോടതി പാട്ടിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പാട്ടിനെ ന്യായീകരിച്ച ഭരണപക്ഷം വിലക്കിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

ടെറി ബ്ലാഞ്ചെയുടെ മരണത്തെച്ചൊല്ലി സംഘര്‍ഷങ്ങള്‍ പാടില്ലെന്ന് പ്രസിഡന്റ് ജേക്കബ് സുമ അഭ്യര്‍ഥിച്ചിട്ടുണ്ട്. സംയമനം പാലിക്കണമെന്ന് ടെറി ബ്ലാഞ്ചെയുടെ സംഘടനയുടെ പ്രസിഡന്റ് ആന്ദ്രേ വിസാഗിയും ആഹ്വാനം ചെയ്തു. എന്നാല്‍ ഈ കൊലപാതകത്തിന് എങ്ങനെ പ്രതികാരം ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X