Get Updates
Get notified of breaking news, exclusive insights, and must-see stories!

മാപ്പു പറയാന്‍ തയാറായില്ല; തിലകനെ അമ്മ പുറത്താക്കി

Thilakan expelled from AMMA‎ -
കൊച്ചി: നടന്‍ തിലകനെ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് ആജീവനാന്തം പുറത്താക്കി. തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിനു മുമ്പാകെ തിലകന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടിയെന്ന് 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് ഹോട്ടല്‍ അബാദ് പ്ലാസയില്‍ ചേര്‍ന്ന 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം തിലകന്റെ വിശദീകരണം കേട്ടശേഷം മണിക്കൂറുകള്‍ ചര്‍ച്ച ചെയ്താണ് പുറത്താക്കല്‍ നടപടിക്ക് തീരുമാനമെടുത്തത്.

യോഗത്തിനിടെ തിലകന്‍ സംഘടനയ്ക്കും സംഘടനയിലെ അംഗങ്ങള്‍ക്കുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ഖേദപ്രകടനത്തിന് വിസമ്മതിയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സംഘടനയുടെ അച്ചടക്കം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നതെന്ന് യോഗത്തിനുശേഷം ഇന്നസെന്റ് വിശദീകരിച്ചു.

അതേ സമയം, തിലകന്‍ തുടര്‍ന്ന് അഭിനയിക്കുന്നതിനോ, 'അമ്മ'യിലെ അംഗങ്ങള്‍ അദ്ദേഹവുമായി സഹകരിക്കുന്നതിനോ വിലക്ക് തടസ്സമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'തിലകന്‍ സംഘടനയിലുണ്ടാകണമെന്നാണ് ആഗ്രഹിച്ചത്. പ്രശ്‌നം രമ്യമായി പരിഹരിയ്ക്കണമെന്നുമായിരുന്നു കരുതിയത്. എന്നാല്‍ അദ്ദേഹത്തിന്റെ സമീപനം ഒട്ടും അനുകൂലമായിരുന്നില്ല'. ഈ വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ഇന്നസെന്റ് വ്യക്തമാക്കി,.

അച്ചടക്ക നടപടിയെടുക്കുന്നതിനു മുന്നോടിയായി തിലകന്റെ വിശദീകരണം കേള്‍ക്കുന്നതിനു വേണ്ടിയാണ് 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം തിങ്കളാഴ്ച ചേര്‍ന്നത്. യോഗം തുടങ്ങിയ ശേഷം അരമണിക്കൂറോളം തിലകന്‍ തന്റെ ഭാഗം വിശദീകരിച്ചു. തനിയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടും അമ്മ മൗനം പാലിച്ചുവെന്ന് തിലകന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങളോട് പറയും മുമ്പെ സംഘടനയിലാണ് പറയേണ്ടിയിരുന്നതെന്ന് എക്‌സ്‌ക്യൂട്ടീവ് അംഗങ്ങല്‍ ചൂണ്ടിക്കാട്ടി. അര മണിക്കൂറിനകം യോഗത്തില്‍ നിന്ന് പുറത്തുവന്ന തിലകന്‍ തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ 'അമ്മ' തയ്യാറായില്ലെന്നും മാപ്പു പറയാന്‍ തയ്യാറല്ലെന്നും വ്യക്തമാക്കി.

തിലകന്‍ ഇറങ്ങിപ്പോയതിനുശേഷം ഏകദേശം രണ്ടര മണിക്കൂറോളം എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തുടര്‍ന്നു. ഇതിനുശേഷമാണ് തിലകനെ പുറത്താക്കാനുള്ള തീരുമാനം 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിശദീകരിച്ചത്.

വര്‍ഷങ്ങള്‍ക്കുശേഷം 'അമ്മ'യുടെ യോഗത്തിനെത്തിയ തിലകന്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഗണേഷ്‌കുമാറിനരികിലാണ് ഇരുന്നത്. 'അമ്മ' പ്രസിഡന്റ് ഇന്നസെന്റിന്റെയും ജനറല്‍ സെക്രട്ടറി മോഹന്‍ലാലിന്റെയും നേതൃത്വത്തിലായിരുന്നു യോഗം. ജഗദീഷ്, ഇടവേള ബാബു, മണിയന്‍ പിള്ള രാജു, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, വിജയരാഘവന്‍, നെടുമുടി വേണു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+