കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ ലുങ്കിയുടുത്താല്‍ കുടുങ്ങും

  • By Lakshmi
Google Oneindia Malayalam News

ഷാര്‍ജ: ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ പുരുഷന്മാരുടെ പ്രധാന വസ്ത്രമായ ലുങ്കി നിരോധിക്കുന്നു. പൊതുസ്ഥലങ്ങളില്‍ ലുങ്കി ധരിച്ചെത്തുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

ലുങ്കി മാന്യമായ വസ്ത്രമല്ലെന്ന് കാണിച്ചാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. നിരോധനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പലയിടത്തും ലുങ്കി ധരിച്ചെത്തുന്നവരെ പൊലീസ് പിടികൂടി താക്കീത് നല്‍കി വിട്ടയയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം പട്രോളിങിനിടെ പൊലീസ് ലുങ്കി ഉടുത്ത് പുറത്തെത്തിയ ഒരു ഏഷ്യന്‍ വംശജനെ പിടികൂടുകയും ലുങ്കി ധരിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി വിട്ടയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇവിടത്തെ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്തായാലും ലുങ്കി നിരോധനത്തോട് ഇവിടത്തെ ഏഷ്യന്‍ സമൂഹം സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. കേരളത്തിലെ പുരുഷന്മാര്‍ വീട്ടിലും മറ്റും ലുങ്കി ഉപയോഗിക്കുന്നത് വളരെ വ്യാപകമാണ്. കേരളത്തിലെ കാലാവസ്ഥയ്ക്കിണങ്ങിയതും കഴുകാനും ഉണക്കാനും വളരെ ലളിതമാണെന്നതുമാണ് ലുങ്കിയെ കേരളീയര്‍ക്ക് പ്രിയങ്കരമാക്കുന്നത്.

നിരോധനത്തെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത് വെള്ളമുണ്ടുപോലെതന്നെയല്ലേ ലുങ്കിയും നിറത്തില്‍ മാത്രമല്ലേ വ്യത്യാസമുള്ളുവെന്നാണ്. പലരും ലുങ്കി നിരോധനത്തെക്കുറിച്ച് കേട്ട് അമ്പരക്കുകയാണ്.

പത്തുവര്‍ഷം മുമ്പ് ഷാര്‍ജയില്‍ നിലവില്‍വന്ന മാന്യമായ ജീവിതരീതി ഉറപ്പുവരുത്തുന്ന നിയമപ്രകാരം മാന്യമായ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് നിര്‍ബ്ബന്ധമാണെന്നും ലുങ്കി മാന്യമായ വസ്ത്രമല്ലെന്നും ഒരു പൊലീസ് ഓഫീസര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ നിയമപരമായി ലുങ്കി നിരോധിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് ഈ ഉദ്യോഗസ്ഥന്‍ സ്ഥിരീകരണമൊന്നും നല്‍കിയതായി സൂചനയില്ല. ഇന്ത്യ കഴിഞ്ഞാല്‍പ്പിന്നെ പാകിസ്താന്‍, മ്യാന്‍മര്‍ തുടങ്ങിയ തെക്കനേഷ്യന്‍ രാജ്യങ്ങളിലാണ് ലുങ്കി കൂടുതലായും ഉപയോഗിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X