ചുവപ്പു ഇടനാഴിയില്‍ ആളില്ലാ വിമാനങ്ങള്‍
ദില്ലി ചത്തീസ്ഗഡില്‍ 76 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മാവോവാദികള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി മാവോവാദികള്‍ക്ക് കാര്യമായ സ്വാധീനമുള്ള ചത്തീസ്ഗഡ്, ഒറീസ, ആന്ധ്രാപ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമബംഗാള്‍, മഹരാഷ്ട്ര എന്നിവടങ്ങളില്‍ പൈലറ്റില്ലാത്ത വിമാനങ്ങള്‍(ഡ്രോണ്‍) വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ അടുത്താഴ്ച മുതല്‍ നക്‌സല്‍ ബാധിത മേഖലകളില്‍ ഡ്രോണ്‍ വിമാനം വിന്യസിക്കും.
മാവോവാദികളുടെ ഒളിത്താവളങ്ങള്‍ കണ്ടെത്തുകയാണു ഡ്രോണിന്റെ ദൗത്യം. നിബിഡ വനങ്ങളില്‍ ഒളിച്ചിരിക്കുന്ന മാവോവാദികളെ കണ്ടെത്താന്‍ ഇത്തരം വിമാനങ്ങള്‍ക്കു സാധിക്കും.
ലഭിയ്ക്കുന്ന വിവരങ്ങള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക വഴി ഒട്ടേറെ ജീവന്‍ രക്ഷിക്കാമെന്ന കണക്കു കൂട്ടലിലാണു സര്‍ക്കാര്‍. ഇസ്രയേല്‍ നിര്‍മിത ഡ്രോണ്‍ വിമാനങ്ങള്‍ മൈലുകള്‍ക്ക് ദൂരെ നിന്ന് നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്.
മാവോവാദികള്‍ക്കെതിരെ വ്യോമാക്രമണം പ്രായോഗികമല്ലെന്ന തിരിച്ചറിവിലാണ് ഡ്രോണുകള്‍ വിന്യസിക്കുന്നത്. ഹെലികോപ്റ്ററുകള്‍ക്കു നേരെ മാവോ പോരാളികള്‍ വെടിയുതിര്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഇതു കൂടുതല്‍ ദുരന്തത്തിനു കാരണമാകുമെന്ന കണക്കു കൂട്ടലിലാണ് വ്യോമാക്രമണം വേണ്ടെന്നു വച്ചത്.
ഇപ്പോള്‍ കരസേനയുടെയും വ്യോമസേനയും പക്കല്‍ മാത്രമാണു ഡ്രോണ്‍ വിമാനങ്ങള്‍ ഉള്ളത്. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി എന്നിവര്‍ക്കായി ഇസ്രയേലില്‍ നിന്നു ഡ്രോണ്‍ വിമാനങ്ങള്‍ വാങ്ങാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications