ടോട്ടല്‍ 4 യു മോഡല്‍ തട്ടിപ്പ് ;യുവതി പിടിയില്‍
കൊല്ലം: കൊല്ലത്ത് ടോട്ടല്‍ ഫോര്‍ യു മോഡല്‍ തട്ടിപ്പ് നടത്തിയ ഇരുപത്തിമൂന്നുകാരി അറസ്റ്റിലായി.
പലരില്‍നിന്നായി ഒരു കോടിയില്‍പ്പരം രൂപയും സ്വര്‍ണവും കൈവശപ്പെടുത്തിയ യുവതിയെ കൊല്ലം ഈസ്റ്റ് പോലീസാണ് അറസ്റ്റ് ചെയ്തത് .
പട്ടത്താനം ജവഹര്‍ നഗര്‍ സ്വദേശിയായ നാഗലക്ഷ്മിയാണ് അറസ്റ്റിലായത്. അമ്മയും സഹോദരിയുമൊത്ത് ഇവര്‍ ജവഹര്‍ നഗറില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
തട്ടിപ്പുവിവരം പുറത്തായതോടെ ഒളിവിലായിരുന്ന യുവതി പോളയത്തോട്ടിലെ സ്വകാര്യസ്ഥാപനത്തില്‍ പണയം വച്ചിരുന്ന സ്വര്‍ണം എടുക്കാനെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.
സ്വര്‍ണവും പണവും നഷ്ടപ്പെട്ടവരില്‍ ചിലര്‍, യുവതി സ്വകാര്യസ്ഥാപനത്തില്‍ എത്തിയതറിഞ്ഞ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബി.കോം ബിരുദധാരിയാണ് നാഗലക്ഷ്മി.
ബിസിനസുകാരനായ സുരേഷിന്റെ വീട്ടില്‍ നിന്നും ചെക്ബുക്ക് മോഷ്ടിച്ച കേസിലെ പ്രതിയാണിവര്‍. മുംബൈ ആസ്ഥാനമായി ശ്രീകൃഷ്ണ ഓഡിറ്റിങ് കണ്‍സ്ട്രക്ഷന്‍ എന്ന പേരില്‍ കമ്പനി തുടങ്ങുന്നുവെന്നും കമ്പനിയുടെ കളക്ഷന്‍ ഏജന്റാണ് താനെന്നും പറഞ്ഞായിരുന്നു നാഗലക്ഷ്മി പലരില്‍ നിന്നും പണം തട്ടിയത്. തട്ടിപ്പ്.
ഒരുലക്ഷം രൂപ കമ്പനിക്ക് നല്‍കിയാല്‍ ആദ്യ രണ്ടുമാസങ്ങളില്‍ 30,000 വീതവും മൂന്നാംമാസം 1,30,000 രൂപയും തിരികെ നല്‍കുമെന്നു വാഗ്ദാനം ചെയ്തു. പണം നല്‍കിയവര്‍ക്ക് സുരേഷിന്റെ വീട്ടില്‍നിന്ന് മോഷ്ടിച്ച ചെക്ക് നല്‍കി. പണം നല്‍കാനില്ലാത്തവരില്‍ നിന്നും സ്വര്‍ണം വാങ്ങി.
ഇത്തരത്തില്‍ ഒരാള്‍ക്ക് നല്‍കിയ ചെക്ക് മടങ്ങിയതോടെയാണ് ചെക്ക് മോഷണവും തട്ടിപ്പും പുറത്തായത്.
ഇതോടെ യുവതി മുങ്ങി. തട്ടിപ്പിനിരയായ പത്തോളം പേര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഹര്‍ഷിത അത്തല്ലൂരിക്ക് പരാതി നല്‍കുകയും ചെയ്തു. ഈ പരാതിയന്മേലാണ് അറസ്റ്റ്.












Click it and Unblock the Notifications