പാകിസ്താന് യുഎസ് സഹായം: ഇന്ത്യ ആശങ്ക അറിയിച്ചു

പാകിസ്ഥാനിലെ തീവ്രവാദി നേതാവ് ഹഫിസ് സെയിദ്, ഇല്യാസ് കശ്മിരി എന്നിവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറാകുന്നില്ലെന്ന കാര്യം മന്‍മോഹന്‍ സിങ് പ്രസിഡന്റ് ബരാക് ഒബാമയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ പ്രശ്‌നത്തില്‍ ഇന്ത്യയുടെ ആശങ്കകള്‍ പാക്കിസ്ഥാന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഒബാമ ഉറപ്പു നല്‍കി.
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ പങ്ക് തുടര്‍ന്നും നിര്‍വഹിക്കുമെന്നു മന്‍മോഹന്‍ ഒബാമയെ അറിയിച്ചു. അഫ്ഗാനില്‍ സമാധാനവും ഭദ്രതയും കൈവരിക്കേണ്ടത് യുഎസിന്റെയും ഇന്ത്യയുടെയും ആവശ്യമാണെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ആണവബാധ്യതാ ബില്ലിന്റെ തടസങ്ങള്‍ ഉടന്‍ നീങ്ങുമെന്നും ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നും മന്‍മോഹന്‍ സിങ് പ്രതീക്ഷ പ്രകടിപ്പിച്ചു.
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി ഡേവിഡ് ഹെഡ് ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യക്ക് അവസരം നല്‍കുന്ന കാര്യത്തില്‍ യുഎസിന്റെ പിന്തുണ ഉണ്ടാകുമെന്ന് ഒബാമ പറഞ്ഞു. ആണവ സുരക്ഷാ സംബന്ധിച്ച കാര്യങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഇറാന്‍ പ്രശ്‌നവും ചര്‍ച്ചാ വിഷയമായി.
വാഷിങ്ടണിലെ ബ്ലെയര്‍ ഹൗസില്‍ വച്ചാണ് ഇരുനേതാക്കളും 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ച നടത്തിയത്.
ആണവസുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനാണു മന്‍മോഹന്‍ സിങ് വാഷിങ്ടണിലെത്തിയത്. ഉച്ചകോടിക്ക് തിങ്കളാഴ്ച തുടക്കമാകും. മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ 47 രാജ്യങ്ങളിലെ ഭരണത്തലവന്‍മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ബരാക് ഒബാമയാണ് ഉച്ചകോടി വിളിച്ചു ചേര്‍ത്തത്. ഇറാന്‍, ഉത്തരകൊറിയ, ക്യൂബ, വെനിസ്വെല എന്നീ രാജ്യങ്ങളെ ഉച്ചകോടിയില്‍ ക്ഷണിച്ചിട്ടില്ല.
വാഷിങ്ടണിലെ വാള്‍ട്ടര്‍സെന്ററിലാണ് ഉച്ചകോടി. ആണവസാമഗ്രികളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ആണവ ഭീകരവാദത്തെ നേരിടാനുമുള്ള നടപടികളാണ് ഉച്ചകോടി പ്രധാനമായും ചര്‍ച്ച ചെയ്യുക.












Click it and Unblock the Notifications