ഐപിഎല്‍ വിവാദം : ശശി തരൂര്‍ രാജിവെച്ചു

സംശയത്തിന്റെ നിഴല്‍ മാറും വരെ മന്ത്രിസ്ഥാനത്തു നിന്ന് തുടരുന്നത് ഉചിതമല്ലെന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാനത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി തരൂര്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തി രാജിക്കത്ത് നല്‍കുകയായിരുന്നു.
കോര്‍ കമ്മിറ്റി യോഗത്തിലെ ഭൂരിപക്ഷ തീരുമാനത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വഴങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടപ്രകാരമാണ് തരൂര്‍ രാജി സമര്‍പ്പിച്ചത്. ഉന്നതാധികാര സമിതി യോഗത്തിനുശേഷം മന്ത്രി തരൂരിനെ പ്രധാനമന്ത്രി രാത്രി വൈകി തന്റെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി രാജി ആവശ്യപ്പെട്ടത്. തരൂരിന്റെ രാജി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സ്വീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് മന്ത്രി ശശിതരൂര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സന്ദര്‍ശിച്ച് ആദ്യവട്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പ്രധാനമന്ത്രി തരൂരിനോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. വിവാദവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകളും അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്ന് വൈകുന്നേരം ആറോടെ മന്‍മോഹന്‍സിങ്ങും സോണിയാഗാന്ധിയും തമ്മില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചര്‍ച്ചനടത്തി. വൈകിട്ട് ഏഴോടെ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നു.
പാര്‍ലമെന്റ് സമ്മേളനം സമാധാനപരമായി മുന്നോട്ടു കൊണ്ടു പോകേണ്ടതും വ്യാഴാഴ്ച ധനബില്‍ പാസാക്കിയെടുക്കേണ്ടതും കണക്കിലെടുത്ത് തരൂരിനെ പിന്തുണയ്‌ക്കേണ്ടെന്ന് കോര്‍കമ്മറ്റി യോഗം തീരുമാനിച്ചു.
നിയമപരമായി തരൂരിനെ പ്രതിക്കൂട്ടിലാക്കുന്ന ശക്തമായ തെളിവുകള്‍ ഇല്ലെങ്കിലും ഈ പ്രശ്‌നത്തിലെ അദ്ദേഹത്തിന്റെ പൊതുവായ സമീപനങ്ങള്‍ കോണ്‍ഗ്രസ്സിന് പിന്താങ്ങാന്‍ കഴിയുന്നവയല്ല എന്ന വിലയിരുത്തലാണ് ഉന്നതാധികാര സമിതി യോഗത്തില്‍ ഉണ്ടായത്.












Click it and Unblock the Notifications