പകല്‍സമയത്ത് സ്‌കൂള്‍; രാത്രി വെറുമൊരു ബാര്‍
നോയ്ഡ: ആള്‍താമസമില്ലാത്ത കെട്ടിടങ്ങളും വീടുകളുമെല്ലാം സാമൂഹ്യവിരുദ്ധരുടെ വിളയാട്ടകേന്ദ്രമാകുക പതിവാണ്. ഇക്കാര്യത്തിന് സ്ഥലകാലഭേദമുണ്ടാകാറില്ല.
എന്നാല്‍ പകല്‍സമയത്ത് പഠനം നടക്കുന്ന ഒരു സ്‌കൂള്‍ രാത്രികാലത്ത് റൗഡികള്‍ വിഹാരരംഗമാക്കിയാല്‍ എങ്ങനെയിരിക്കും. നോയ്ഡ നിവാസികള്‍ ഇപ്പോള്‍ ഇത്തരമൊരു തലവേദന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
നോയ്ഡ സെക്ടര്‍ 12ലുള്ള ജൂനിയര്‍ മിഡില്‍ സ്‌കൂളിലാണ് രാത്രികാലത്ത് സാമൂഹ്യവിരുദ്ധര്‍ താവളമടിക്കുന്നത്. വൈകുന്നേരമായാല്‍ മദ്യവും മയക്കുമരുന്നുമെല്ലാമായി റൗഡികള്‍ ഇവിടെ തമ്പടിക്കുകയാണത്രേ. സ്‌കൂളില്‍ ജോലിക്കെത്തുന്ന അധ്യാപകരെ റൗഡികള്‍ കൈവയ്ക്കാറുണ്ടെന്നും പരാതിയുണ്ട്.
പലപ്പോഴും മദ്യപിക്കുന്ന യുവാക്കളോട് സ്‌കൂള്‍ വിട്ടുപോകാന്‍ ആവശ്യപ്പെടുമ്പോഴാണ് അധ്യാപകര്‍ക്ക് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികളും ഈ പേക്കൂത്തിനെതിരെ പരാതിപ്പെടുന്നുണ്ട്. തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും അക്രമി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കുറവുമില്ലെന്നാണ് പ്രധാനാധ്യാപകനായ ഛോട്ടേ ലല്‍ ശര്‍മ്മ പറയുന്നത്.
ചുറ്റുമതിലും ഗേറ്റുമുള്ളതായിരുന്നു സ്‌കൂള്‍ എന്നാല്‍ സാമൂഹ്യവിരുദ്ധര്‍ പലപ്പോഴായി ചുറ്റുമതിലും ഗേറ്റും തര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ സ്‌കൂള്‍ വളപ്പില്‍ പ്രവേശിക്കുക എളുപ്പമാണ്. ആറുമാസമായി തകര്‍ത്ത ഗേറ്റ് പുനസ്ഥാപിക്കാനും അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് അധ്യാപകര്‍ പരാതിപ്പെടുന്നു.
ഈ പ്രശ്‌നത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേട്ട് ഉത്തരവിട്ടിട്ടുണ്ട്. മറ്റ് സ്‌കൂളുകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് അന്വേഷിക്കാനും ഉത്തരവില്‍ പറയുന്നു.












Click it and Unblock the Notifications