രാജിയെക്കുറിച്ച് തരൂര്‍ പ്രസ്താവന നടത്തും
ദില്ലി: ഐപിഎല്‍ വിവാദം രൂക്ഷമായതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചതിനെ കുറിച്ച് ശശി തരൂര്‍ ചൊവ്വാഴ്ച ലോക്‌സഭയില്‍ പ്രസ്താവന നടത്തും.
ശൂന്യവേളയില്‍ 12.30 ഓടെയായിരിക്കും പ്രസ്താവന നടത്തുക. ഇതു സംബന്ധിച്ച് പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ സ്പീക്കര്‍ മീരാ കുമാറുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.
തിങ്കളാഴ്ച രാവിലെ ചേര്‍ന്ന മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ യോഗം ശശി തരൂരിന്റെ പ്രസ്താവന അംഗീകരിച്ചു. മന്ത്രിമാരായ പ്രണബ് കുമാര്‍ മുഖര്‍ജി എ.കെ ആന്റണി, പവന്‍ കുമാര്‍ ബന്‍സാല്‍ എന്നിവരാണ് പ്രസ്താന അംഗീകരിച്ചത്.
കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച ശേഷം ശശി തരൂര്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ എത്തിയത് വൈകിയാണ്. ഉച്ചയ്ക്ക് 12. 25 ഓടെയാണ് ഔദ്യോഗിക വസതിയില്‍ നിന്നും തരൂര്‍ സഭയില്‍ എത്തിയത്. ഔദ്യോഗിക വാഹനത്തിന്റെ ബീക്കണ്‍ മാറ്റിയ ശേഷമായിരുന്നു തരൂരിന്റെ യാത്ര.
അംഗങ്ങള്‍ തിങ്കളാഴ്ച മുതല്‍ 27 വരെ നിര്‍ബന്ധമായും സഭയില്‍ ഹാജരാകണമെന്ന് കോണ്‍ഗ്രസ് വിപ്പു നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ തരൂരിന് സഭയില്‍ എത്താതിരിക്കാനാവില്ല. സഭയില്‍ എത്തിയ തരൂര്‍ കന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications