ആദ്യകാല നായിക എംകെ കമലം അന്തരിച്ചു
കോട്ടയം: മലയാളത്തിലെ ആദ്യ ശബ്ദ സിനിമയായ ബാലനിലെ നായകി എംകെ കമലം (86) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചൊവ്വാഴ്ച രാത്രി 7 മണിയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ നടക്കും.
വൈക്കത്ത് ഇളയമകള്‍ ഇന്ദുവിനൊപ്പം താമസിച്ചിരുന്ന കമലത്തെ രണ്ടാഴ്ച മുമ്പാണു ശ്വാസതടസം മൂലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിക്കിടക്കയില്‍നിന്നു താഴെവീണ് തുടയെല്ലിനു പരുക്കേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് അന്ത്യം.
ബാലികയായിരിക്കെ കമലം നായികയായ വിചിത്രവിജയം എന്ന നാടകം കണ്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ എസ് നൊട്ടാണിയാണ് കമലത്തെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. കുമരകം മങ്ങാട്ട് എംസി കൊച്ചുപിള്ളപ്പണിക്കരുടെയും കാര്‍ത്യായനിയമ്മയുടെയും മകളായ കമലം 1938ല്‍ ബാലനില്‍ നായികയായി അഭിനയിക്കുമ്പോള്‍ 15 വയസ്സ് മാത്രമായിരുന്നു പ്രായം.
ബാലനിലെ മൂന്ന് ഗാനങ്ങള്‍ പാടിയതും കമലമായിരുന്നു. കൂടാതെ നാടകങ്ങളിലും കമലം സജീവ സാന്നിധ്യമായി. ബാലന് ശേഷം ഭൂതരായര്‍ എന്ന ചിത്രത്തിലും വേഷമിട്ടെങ്കിലും ആ സിനിമ വെളിച്ചം കണ്ടില്ല. 2000ല്‍ 'ശയനം എന്ന സിനിമയിലും 2001ല്‍ ഒരു ഡോക്യുമെന്ററിയിലും അഭിനയിച്ചു. ദാമോദരന്‍ വൈദ്യരായിരുന്നു ഭര്‍ത്താവ്. മൂന്ന് പെണ്‍മക്കളുണ്ട്.












Click it and Unblock the Notifications