പിണറായി കോഴവാങ്ങുന്നത് കണ്ടുവെന്ന് മൊഴി
കൊച്ചി: ലാവ്‌ലിന്‍ ഇടപാടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കോടികള്‍ കോഴപ്പണമായി കൈപ്പറ്റിയത് നേരിട്ടുകണ്ടുവെന്ന് സാക്ഷിമൊഴി. തിരുവനന്തപുരം സ്വദേശി ദീപക് കുമാറാണ് പിണറായി പണം വാങ്ങുന്നത് കണ്ടതായി സിബിഐക്കു മൊഴി നല്‍കിയത്.
സിബിഐയുടെ ചെന്നൈ ഓഫിസിലെത്തിയാണു സ്വന്തം കൈപ്പടയിലെഴുതിയ 60 പേജുള്ള വിശദീകരണം ദീപക് കുമാര്‍ നല്‍കിയത്.
കോഴ ഇടപാടില്‍ ഇടനിലക്കാരെന്ന ആരോപണം നേരിടുന്ന ചെന്നൈയിലെ ടെക്‌നിക്കാലിയ കണ്‍സള്‍റ്റന്‍സിയുടെ നടത്തിപ്പുകാരായ ദിലീപ് രാഹുലന്‍, നാസര്‍, ബീന ഏബ്രഹാം എന്നിവര്‍ക്കൊപ്പം ജോലി ചെയ്ത കാലത്താണു ലാവ്‌ലിന്‍ കോഴ ഇടപാടിനു നേരിട്ടു സാക്ഷിയായതെന്നും ദീപക് കുമാര്‍ പറയുന്നു.
ദിലീപ് രാഹുലനും സംഘവും കണ്ണൂരിലെ സഹകരണ ഗസ്റ്റ്‌ഹൌസില്‍ എത്തി പിണറായി വിജയനു രണ്ടു കോടി രൂപ പണമായി കൈമാറുമ്പോള്‍ താന്‍ ഒപ്പമുണ്ടായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു.
തിരുവനന്തപുരം, കൊച്ചി, ദില്ലി, ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ വച്ചും പിണറായി അടക്കമുള്ള പല പ്രതികള്‍ക്കും ദിലീപ് രാഹുലന്‍ കോഴപ്പണം കൈമാറിയിട്ടുണ്ടെന്നും ദീപക് അവകാശപ്പെടുന്നുണ്ട്.
കൊച്ചി അയ്യപ്പന്‍കാവിലെ ബാങ്ക് വഴിയും കൊല്ലത്തെ മറ്റൊരു ബാങ്ക് വഴിയും ദിലീപ് രാഹുലന്‍ കോഴപ്പണം കേരളത്തിലേക്കു കൊണ്ടുവന്നതിനുള്ള തെളിവുകള്‍ അടങ്ങുന്ന 200 പേജ് വരുന്ന രേഖകളും ദീപക് കുമാര്‍ സിബിഐക്കു കൈമാറി.
ദീപക്കിന്റെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ സംബന്ധിച്ചു സിബിഐ അന്വേഷിക്കുമെന്നാണ് അറിയുന്നത്. ലാവ്‌ലിന്‍ കോഴപ്പണം കൊണ്ടു ദിലീപ് രാഹുലനും സംഘവും കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണു ദുബായിലെ പസഫിക് കണ്‍ട്രോള്‍സ് എന്നും ദീപക് ആരോപിക്കുന്നു. ബിസിനസില്‍ വിശ്വാസവഞ്ചന കാട്ടിയതിനെ തുടര്‍ന്നാണു ദിലീപ് രാഹുലനുമായി തെറ്റിപ്പിരിഞ്ഞതെന്നും ദീപക് സിബിഐയെ അറിയിച്ചു.
ദീപക്കിന്റെ ആരോപണങ്ങള്‍ വാസ്തവമാണെന്നു സിബിഐക്കു ബോധ്യപ്പെട്ടാല്‍ ലാവ്‌ലിന്‍ കേസന്വേഷണത്തില്‍ അത് വഴിത്തിരിവാകും. നിലവില്‍ പിണറായി വിജയന്‍ കോഴ വാങ്ങിയതായുള്ള ആരോപണം സിബിഐ അന്വേഷിക്കുന്നില്ല. കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകളും സിബിഐ ഇതുവരെ ശേഖരിച്ചിട്ടില്ല.
സംസ്ഥാന മന്ത്രിയായിരുന്ന കാലത്തു ലാവ്‌ലിന്‍ കമ്പനിയുമായി ഒപ്പുവച്ച കരാര്‍ പ്രകാരം സംസ്ഥാന സര്‍ക്കാരിനു കോടികള്‍ നഷ്ടപ്പെട്ടതായുള്ള കേസിലാണു പിണറായി വിജയന്‍ ഇപ്പോള്‍ ഏഴാം പ്രതിയായി വിചാരണ നടപടികള്‍ നേരിടുന്നത്.












Click it and Unblock the Notifications