വിദ്യാര്‍ഥികളെ കനലിലും ചില്ലിലും നടത്തിച്ചു
സൂറത്ത്: വിദ്യാര്‍ഥികളെ നഗ്‌നപാദരായി കല്‍ക്കരി കനലിനുമുകളിലൂടെയും കുപ്പിച്ചില്ലുകള്‍ക്ക് മുകളിലൂടെയും നടത്തിച്ച സംഭവം വിവാദമാകുന്നു. സൂറത്തിലെ പ്രശസ്തമായ സ്‌കൂളിലെ നൂറോളം വിദ്യാര്‍ത്ഥികളെയാണ് ക്രൂരമായ പീഡനത്തിന് വിധേയരാക്കിയത്.
സ്‌കൂളിലെ വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേകപരിപാടിയിലാണ് 120 കുട്ടികളെ ഈ പീഡനത്തിന് വിധേയരാക്കിയത്. പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളെയാണ് കനലിലൂടെ നടത്തിച്ചത്.
പലകുട്ടികളും കനലില്‍ നടക്കുന്നതിനിടെ പൊള്ളലേറ്റ് കരയുന്നുണ്ടായിരുന്നുവെന്ന് സംഭവം കണ്ടുനിന്നവര്‍ പറയുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി കനലില്‍ നടക്കുന്നതോര്‍ത്ത് ഭയന്ന് ബോധരഹിതയായെന്നും ആളുകള്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് രക്ഷിതാക്കള്‍ പരാതിപ്പെട്ടില്ലെങ്കിലും പരിപാടിയുടെ വീഡിയോചിത്രങ്ങള്‍ ടിവി ചാനലുകളില്‍ വന്നതോടെയാണ് സംഭവം ഒച്ചപ്പാടായത്.
ഇതൊരു പരിശീലനത്തിന്റെ ഭാഗമാണെന്നും ഇതുപോലെ നദി കുറുകെ കടക്കുന്നതും, കെട്ടിത്തൂക്കിയിട്ടിരിക്കുന്ന കയറില്‍ പിടിച്ചുകയറുന്നതും പോലുള്ള പരിളീലനങ്ങളും നടത്തിയിട്ടുണ്ടെന്നും രണ്ട് പകലും ഒരു രാത്രിയും ദൈര്‍ഘ്യമുള്ള വേനല്‍ ക്യാംപുകള്‍ നടത്താറുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. മാത്രമല്ല ഈ ക്യാമ്പില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് രക്ഷിതാക്കള്‍ക്ക് കത്തു നല്‍കിയിരുന്നുവെന്നും അധികൃതര്‍ പറയുന്നു.
സംഭവം വാര്‍ത്തയായതോടെ ഇതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിതായി ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications