ശ്രീനാഥിന്റെ മരണം അന്വേഷിക്കണമെന്ന് ശിവസേന
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്ത് നടക്കുന്ന പീഡനങ്ങളുടെ ആദ്യ രക്തസാക്ഷിയാണ് ശ്രീനാഥെന്നും ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ശ്രീനാഥിനെ ഒഴിവാക്കിയതാണ് ആത്മഹത്യക്ക് വഴിവച്ചതെന്നും ശിവസേന ആരോപിച്ചു.
ശ്രീനാഥിനെ സിനിമയില്‍ നിന്ന് ഒഴിവാക്കിയ ആളുകളെ അന്വേഷിച്ച് കണ്ടെത്തണമെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന ശിവസേന സംസ്ഥാനസമിതി ആവശ്യപ്പെട്ടു.
ഏപ്രില്‍ പകുതിയോടെ കോതമംഗലം, തൊടുപുഴ ഭാഗങ്ങളില്‍ ചിത്രീകരണം തുടങ്ങിയ പത്മകുമാറിന്റെ ശിക്കാറില്‍ നായകനായ മോഹന്‍ലാലിന്റെ സുഹൃത്തായ ഒരു ചായക്കടക്കാരന്റെ വേഷമാണ് ശ്രീനാഥിന് നല്‍കിയിരുന്നത്്.
കഴിഞ്ഞദിവസം മോഹന്‍ലാലും ശ്രീനാഥും ഒരുമിച്ച് അഭിനയിക്കേണ്ടുന്ന ഒരു സീന്‍ ചിത്രീകരിക്കാന്‍ രാവിലെ ആറിന് എത്തണമെന്ന് അണിയറ പ്രവര്‍ത്തകര്‍ ശ്രീനാഥിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എട്ടുമണിക്കേ എത്താനാകൂ എന്നു ശ്രീനാഥ് പറഞ്ഞതിനാല്‍ ശ്രീനാഥിന്റെ സീനുകള്‍ എപ്പോഴാണ് എടുക്കുന്നതെന്ന് പിന്നീട് അറിയിക്കാമെന്നു പറഞ്ഞ് അവര്‍ മടക്കുകയായിരുന്നുവത്രേ.
എന്നാല്‍ പിന്നീട് ആരും ശ്രീനാഥിനെ വിളിക്കുകയുണ്ടായില്ല. 19 മുതല്‍ അദ്ദേഹം ഇന്റര്‍നാഷണല്‍ ഹോട്ടലിലുണ്ടായിരുന്നു. ആരും തന്നെ വിളിക്കാതായപ്പോള്‍ ശ്രീനാഥ് സെറ്റില്‍പ്പോയി ബഹളമുണ്ടാക്കിയതായും വാര്‍ത്തകളുണ്ട്.
തുടര്‍ന്ന്, ശിക്കാറില്‍ നിന്ന് തന്നെ മാറ്റി ആ വേഷം ലാലു അലക്‌സിന് നല്‍കിയതായി അറിഞ്ഞതോടെ ശ്രീനാഥ് തളര്‍ന്നു. വെള്ളിയാഴ്ച രാവിലെ ഈ വിവരം പറയാന്‍ പ്രൊഡക്ഷന്‍ വിഭാഗത്തിലുള്ളവര്‍ ഹോട്ടലില്‍ എത്തിയിരുന്നുവെന്നും അതിനുശേഷമാണു ശ്രീനാഥിനെ മരിച്ചനിലയില്‍ കാണപ്പെട്ടതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
2004 മുതല്‍ ശിവ സേനയില്‍ അംഗമായ ശ്രീനാഥ് ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ് ലോക്‌സഭാ മത്സരത്തില്‍ ജനവിധി തേടിയിരുന്നു.












Click it and Unblock the Notifications