അഴഗിരി കൂടുതല്‍ സമയവും ആകാശത്ത് !

മധുരയ്ക്കും ചെന്നൈയ്ക്കുമുള്ള യാത്രകള്‍ കഴിഞ്ഞ് അദ്ദേഹത്തിന് പാര്‍ലമെന്റില്‍ എത്താന്‍ സമയമില്ല. മൂന്നു ദിവസത്തിലൊരിക്കല്‍ അഴഗിരി സ്വന്തം നാടായ ചെന്നൈയ്‌ക്കോ മണ്ഡലമായ മധുരയ്‌ക്കോ വിമാനയാത്ര നടത്താറുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളിലാണ് അഴഗിരിയുടെ ആകാശ സഞ്ചാരത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിയായശേഷം ആറുമാസത്തിനുള്ളില്‍ അഴഗിരി ഇത്തരത്തില്‍ 61തവണയാണ് വിമാനയാത്ര നടത്തിയത്. ഇതിന് ചെലവായതാകട്ടെ 14.5ലക്ഷം രൂപയും.
ലോക്‌സഭയിലും മന്ത്രിസഭായോഗങ്ങളിലും അഴഗിരിയുടെ അസാന്നിധ്യം പതിവായപ്പോഴാണ് അദ്ദേഹം എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് ചോദ്യമുയര്‍ന്നത്. 2009 മെയ് 29ന് സ്ഥാനമേറ്റതുമുതല്‍ ഡിസംബര്‍ ഒന്നുവരെ അഴഗിരി വളരെക്കുറച്ച് സമയംമാത്രമേ ദില്ലിയിലുണ്ടായിരുന്നുള്ളു.
എന്നാല്‍ ഇക്കാലത്ത് എത്രദിവസം ഓഫീസിലെത്തി, എത്ര മന്ത്രിസഭായോഗങ്ങളില്‍ പങ്കെടുത്തു തുടങ്ങിയ കാര്യങ്ങള്‍ രാസവളം മന്ത്രാലയം അറിയിച്ചിട്ടില്ല. വിമാനയാത്രയില്‍ മന്ത്രിക്കൊപ്പം ആരൊക്കെയുണ്ടായിരുന്നു, എവിടെ താമസിച്ചു, ഹോട്ടല്‍മുറിക്കും ഭക്ഷണത്തിനുംമറ്റും എത്ര ചെലവായി എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചിട്ടില്ല.
അവധി ആഘോഷിക്കാനായി അഴഗിരി ഇപ്പോള്‍ മാലി ദ്വീപിലാണ്.പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ കേന്ദ്രമന്ത്രി വിനോദ യാത്രയ്ക്കു പോയതിനെ പ്രതിപക്ഷം ചോദ്യംചെയ്തിരുന്നു.
രാസവളം മന്ത്രാലയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ മന്ത്രി ഇല്ലാത്തതില്‍ സ്പീക്കര്‍ മീരാകുമാറും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications