കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിയുവിനടുത്ത് ആട്ടവും പാട്ടുമായി നഴ്‌സുമാര്‍

  • By Lakshmi
Google Oneindia Malayalam News

ജോധ്പൂര്‍: ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിനടുത്തായി വിരുന്നു സല്‍ക്കാരം നടത്തിയ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. മഹാത്മാഗാന്ധി സ്‌കൂള്‍ ഓഫ് നഴ്‌സിങിന്റെ ഐസിയുവില്‍ പാര്‍ട്ടി നടത്തിയ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി.

എസ്എന്‍ മെഡിക്കല്‍ കോളെജ് ഭരണവിഭാഗമാണ് ഇവരെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. സംഭവത്തെത്തുടര്‍ന്ന് കോളെജിന്റെ പ്രിന്‍സിപ്പല്‍ പ്രഹ്ലാദ് സിങ് ഛാബയെ പദവിയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ശനിയാഴ്ചയാണ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ പാര്‍ട്ടി നടത്തിയത്.

ഞായറാഴ്ചയോടെ ഇവരെ സസ്‌പെന്റ് ചെയ്തതായി അറിയിപ്പും വന്നിരുന്നു. എസ്എന്‍ മെഡിക്കല്‍ കോളെജിന് കീഴിലാണ് ഈ നഴ്‌സിങ് കോളെജ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന സീനിയര്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ജൂണിയേഴ്‌സാണ് വിരുന്ന് നടത്തിയത്.

എന്നാല്‍ ഒരാശുപത്രിയാണെന്ന കാര്യമോര്‍ക്കാതെ ബഹളവും നൃത്തവും പാട്ടുമായിട്ടാണ് ഇവര്‍ വിരുന്ന് നടത്തിയത്. ഐസിയുവില്‍ കിടത്തിയിരിക്കുന്ന രോഗികള്‍ക്ക് യാതൊരു വിധ പരിഗണനയും ഇവര്‍ നല്‍കിയില്ലെന്നും ആരോപണമുണ്ട്.

സാധാരണനിലയില്‍ ആശുപത്രയില്‍ നിശബ്ദത പാലിക്കുകയെന്നത് നിര്‍ബ്ബന്ധമുള്ള കാര്യമാണ്. എന്നാല്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടായിരുന്നു ഇവരുടെ ആഘോഷം. നഴ്‌സിങ് സ്‌കൂള്‍ സൂപ്രണ്ടും വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹം തന്നെയാണ് വിരുന്ന് നടത്താന്‍ അനുമതി നല്‍കിയതും.

എന്നാല്‍ താന്‍ പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോള്‍ ബഹളമില്ലായിരുന്നുവെന്നും താന്‍ മടങ്ങിയശേഷമാണ് പ്രശ്‌നമായതെന്നുമാണ് സൂപ്രണ്ടിന്റെ വാദം. നാല്‍പ്പതോളം വിദ്യാര്‍ഥികള്‍ രണ്ടുമണിക്കൂറോളം തുടര്‍ന്ന പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

പുലര്‍ച്ചെ നാലുമണികഴിഞ്ഞിട്ടും ബഹളം തുടര്‍ന്നപ്പോള്‍ മറ്റുള്ളവര്‍ അറിയിച്ചതനുസരിച്ച് സൂപ്രണ്ട് എത്തി പാര്‍ട്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നുവത്രേ.

രോഗികള്‍ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നവര്‍ പലവട്ടം ബഹളം വയ്ക്കരുതെന്ന് പറഞ്ഞിട്ടും വിദ്യാര്‍ഥികള്‍ ചെവിക്കൊണ്ടില്ലത്രേ. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X