സാനിയയുടെ വിവാഹവിരുന്ന് അലങ്കോലമായി

സിയാല്‍കോട്ടിലെ ഹോക്കി മൈതാനത്താണ് ക്രിക്കറ്റ്താരം ഷോയബ്മാലിക് ഞായറാഴ്ച രാത്രി വിരുന്നു സംഘടിപ്പിച്ചത്. സംഘാടനവും സുരക്ഷാസന്നാഹവും പിഴച്ചതോടെ പ്രിയ താരങ്ങളായ സാനിയയെയും ഷോയബിനെയും കാണാന്‍ ക്ഷണക്കത്തില്ലാതെ നൂറുകണക്കിനാളുകള്‍ വിരുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നുവത്രേ.
ഇതിനിടെ ഇവര്‍ വിതരണം ചെയ്ത ക്ഷണക്കത്തുകള്‍ ചിലര്‍ 5000 മുതല്‍ 10000 വരെ രൂപയ്ക്ക് മറിച്ചുവിറ്റിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വന്‍സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും നുഴഞ്ഞുകയറ്റക്കാരെ തടയാന്‍ കഴിഞ്ഞില്ല.
വിരുന്നിന് അധികമായി ദീപാലങ്കാരങ്ങള്‍ ഉപയോഗിക്കരുതെന്ന് തദ്ദേശഭരണവിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതുകൂടിയയാപ്പോള്‍ സ്ഥിതിഗതികള്‍ തീര്‍ത്തും വഷളായി. സുരക്ഷാജോലിക്കാര്‍ക്ക് സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാതായപ്പോള്‍ വിരുന്നില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍നിന്നെത്തിയ സാനിയയുടെ കുടുംബാംഗങ്ങളും വധൂവരന്മാരും നേരത്തേ സ്ഥലംവിടുകയായിരുന്നു.
അതേസമയം, ചൊവ്വാഴ്ച ലാഹോറിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സംഘടിപ്പിക്കുന്ന വിരുന്നിനെത്താന്‍ താത്പര്യമുള്ള മാധ്യമങ്ങള്‍ പണംകൊടുത്ത് അനുമതി വാങ്ങണമെന്ന് ദമ്പതിമാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വിരുന്നുസ്ഥലത്ത് ഏതെങ്കിലും മാധ്യമങ്ങള്‍ എത്തിയാല്‍ സ്ഥലംവിടുമെന്ന് ഷോയബ് ഹോട്ടല്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടത്രേ.
വിവാഹത്തിന് മുമ്പ് ഇന്ത്യയില്‍ വച്ച് വിവാദങ്ങളാണ് ഇരുവരെയും വേട്ടയാടിയതെങ്കില്‍ വിവാഹശേഷം പാകിസ്താനില്‍ കാലുകുത്തിയതുമുതല്‍ ആരാധകരാണ് ഷോയിബിനെയും സാനിയയെയും വേട്ടയാടിക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications