എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ മെയ് 17 ന് നടക്കും. ഇതിന്റെ ഫലം മെയ് അവസാത്തോടെ പ്രഖ്യാപിയ്ക്കും. കണ്ണൂര്‍ ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍. 96.88 ശതമാനമാണ് കണ്ണൂരിലെ വിജയം. ഇത്തവണ പിന്നോക്കമുള്ള ജില്ല പാലക്കാടാണ്. വിജയം 83.04 ശതമാനം.
തിരുവനന്തപുരത്ത് രാവിലെ 11.30 ഓടെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയാണ് പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉപരിപഠനത്തിന് അര്‍ഹത നേടാനാവാത്ത കുട്ടികള്‍ക്ക് ഇനിയും ധാരാളം അവസരമുണ്ടെന്നും ജീവിതത്തിലെ ചെറിയ കാര്യമായി ഈ ഫലത്തെ എടുത്താല്‍ മതിയെന്നും ബേബി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉള്‍പ്പെടെ 25 ഓളം സൈറ്റുകളില്‍ ഫലം ലഭ്യമാണ്.
568 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 5182 പേര്‍ എ പ്ലസ് ഗ്രേഡും 17,515 കുട്ടികള്‍ എ ഗ്രേഡും നേടി.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആയിരത്തോളം എ പ്ലസ് ആണ് ഇത്തവണ കുറഞ്ഞത്. ഇതിന്റെ കാരണം പരിശോധിയ്ക്കുമെന്ന് ബേബി അറിയിച്ചു. പാഠ്യനിലവാരം കുറവായിരുന്ന 107 സ്‌കൂളുകളില്‍ സര്‍ക്കാര്‍ നടത്തിയ പ്രത്യേക പദ്ധതി ലക്ഷ്യം കണ്ടാതായി മന്ത്രി പറഞ്ഞു. ഇതില്‍ 19 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം കൊയ്തു. 54 സ്‌കൂളുകള്‍ 90 ശതമാനത്തിലധികം വിജയം നേടി. പ്ലസ് ടു ഏകജാലക പ്രവേശന നടപടികള്‍ തിങ്കളാഴ്ച തന്നെ തുടങ്ങുമെന്നും ജൂണ്‍ ഒന്നോടെ അലോട്ട്‌മെന്റ് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
റെക്കോര്‍ഡ് വേഗത്തിലാണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനം വന്നത്. കഴിഞ്ഞ വര്‍ഷം മെയ് 8 നായിരുന്നു ഫലം പ്രഖ്യാപിച്ചത്.
പരീക്ഷാ ഫലം ദാറ്റ്സ്മലയാളത്തില്‍ ലഭ്യമാകും












Click it and Unblock the Notifications