സെന്‍സസ്: അധ്യാപികയെ ഗൃഹനാഥന്‍ അസഭ്യം പറഞ്ഞു
ചെങ്ങമനാട്: സെന്‍സസിനെത്തുന്ന വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിക്കുന്നു. ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ് വീട്ടില്‍നിന്ന് ഇറക്കിവിട്ട ഗൃഹനാഥനെ ചെങ്ങമനാട് പോലീസ് അറസ്റ്റുചെയ്തു.
എറണാകുളം ജില്ലയിലെ ചെങ്ങമനാട് ആവണംകോട്ട് സ്വദേശി സുധാകരനെ (52)യാണ് അറസ്റ്റുചെയ്തത്. ഇയാളുടെ വീട്ടില്‍ സെന്‍സസ് ജോലിക്കെത്തിയ അധ്യാപിക നല്‍കിയ പരാതിയെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് അധ്യാപികി സുധാകരന്റെ വീട്ടില്‍ ചെന്നത്. സുധാകരന്റെ ഭാര്യയില്‍ നിന്ന് അധ്യാപിക വിവരങ്ങള്‍ ശേഖരിച്ച് എഴുതിക്കൊണ്ടിരിക്കെ മറ്റൊരു മുറിയില്‍ നിന്നും പെട്ടെന്ന് ഇറങ്ങിവന്ന ഇയാള്‍ അധ്യാപികയെ അസഭ്യം പറയുകയായിരുന്നു. ഇത് തട്ടിപ്പാണെന്നും വിവരങ്ങള്‍ തരില്ലെന്നും സുധാകരന്‍ പറഞ്ഞുകൊണ്ടായിരുന്നുവത്രേ അസഭ്യ വര്‍ഷം.
അധ്യാപികയുടെ കൈവശമുണ്ടായിരുന്ന പുസ്തകങ്ങളും കടലാസുകളുമെല്ലാം ഇയാള്‍ വലിച്ചുതാഴെയിട്ടു. അധ്യാപിക സമാധാനപരമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചെങ്കിലും സുധാകരന്‍ സമ്മതിച്ചില്ല. ഇയാള്‍ അധ്യാപികയെ വീടിന് പുറത്തേക്ക് ഇറക്കിവിടുകയും ചെയ്തു.
ഇതേ തുടര്‍ന്നാണ് അധ്യാപിക സെന്‍സസ് ജോലി തടസ്സപ്പെടുത്തിയതിന് പോലീസില്‍ പരാതി നല്‍കിയത്. വ്യാഴാഴ്ച വൈകീട്ട് പോലീസ് ഹാജരാക്കിയ സുധാകരന് ആലുവ കോടതി ജാമ്യം നല്‍കി.












Click it and Unblock the Notifications