ഉമേഷ് ചള്ളിയിലിനെതിരെ ആക്രമണം
പറവൂര്‍: മുന്‍ എംഎല്‍എ ഉമേഷ് ചള്ളിയിലിന്റെ കാറിനുനേരെ ആക്രമണം. കുര്യാപ്പിള്ളിയില്‍ വച്ചാണ് ഒരുസംഘം ആളുകള്‍ ഉമേഷിന്റെ കാര്‍ ആക്രമിച്ചത്. കാറിന്റെ ബ്രേക്ക്‌ലൈറ്റ്, മീറ്റര്‍ എന്നിവ തല്ലിത്തകര്‍ത്തിട്ടുണ്ട്.
കാറിലുണ്ടായിരുന്നഉമേഷ് ചള്ളിയിലിനും ഡ്രൈവര്‍ക്കും പരുക്കുകളൊന്നുമില്ല. ചള്ളിയിലിന്റെ പരാതിയെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ വടക്കേക്കര പോലീസ് കേസ്സെടുത്തു.
ശ്രീനാരായണ ധര്‍മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള അവകാശസംരക്ഷണ ജാഥയോടൊപ്പമുണ്ടായിരുന്ന വളണ്ടിയര്‍മാരുടെ സംഘമാണ് തന്റെ കാറിനുനേരെ ആക്രമണം നടത്തിയതെന്ന് ഉമേഷ് ചള്ളിയില്‍ ആരോപിച്ചു.
കൊടുങ്ങല്ലൂര്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റും ജെഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ഉമേഷ് ചള്ളിയില്‍. ആലപ്പുഴയില്‍ ജെഎസ്എസ് സംസ്ഥാന സമ്മേളനത്തിന് പോവുകയായിരുന്നു ഉമേഷ്. വ്യാഴാഴ്ച രാവിലെ 10.30ന് അവകാശ സംരക്ഷണ പ്രചാരണ വാഹനജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയായ മൂത്തകുന്നത്ത് സ്വീകരണം ഉണ്ടായിരുന്നു. അതുകഴിഞ്ഞ് പോകവേയാണ് ആക്രമണം നടന്നത്.
ജാഥയുടെ അകമ്പടി വാഹനങ്ങളിലുണ്ടായിരുന്ന യൂണിഫോമണിഞ്ഞ അഞ്ച് യുവാക്കളാണ് കാറിന്റെ മുന്നില്‍ എത്തി തടഞ്ഞ് ആക്രമിച്ചതെന്ന് ഉമേഷ് വടക്കേക്കര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications