71ലെ ഇന്ത്യ-പാക് യുദ്ധരേഖകള്‍ നശിപ്പിക്കപ്പെട്ടു
കൊല്‍ക്കത്ത: 1971ലെ ഇന്ത്യാ-പാക് യുദ്ധവുമായി ബന്ധപ്പെട്ട വിലപ്പെട്ട ചരിത്ര രേഖകള്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. ബാംഗ്ലാദേശിന്റെ രൂപീകരണത്തിന് ഇടയാക്കിയ യുദ്ധത്തെ സംബന്ധിച്ച് കൊല്‍ക്കത്തയിലെ കരസേനാ കമാന്‍ഡ് കേന്ദ്രത്തിലുണ്ടായിരുന്ന രേഖകള്‍ 71ലെ യുദ്ധം തീര്‍ന്നയുടന്‍ നശിപ്പിയ്ക്കപ്പെട്ടുവെന്നാണ് കരസേനാ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം ഇതുവരെ രഹസ്യമായി വെച്ചിരിയ്ക്കുകയായിരുന്നു.
ബംഗ്ലാദേശ് സ്വാതന്ത്ര്യസമര പോരാളികളായ മുക്തി വാഹിനികളുടെ ചരിത്രം, ഇന്ത്യന്‍ സേനയുടെ നിര്‍ണായക ഇടപെടലുകള്‍ തുടങ്ങിയ രേഖകളെല്ലാം നഷ്ടപ്പെട്ടുവെന്നാണ് സൂചന.
രേഖകള്‍ നശിപ്പിച്ചത് മനപ്പൂര്‍വമായിരുന്നുവെന്ന് കിഴക്കന്‍ കമാന്‍ഡിന്റെ മുന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. കിഴക്കന്‍മുന്നണിയിലെ കമാന്‍ഡിങ് ഓഫീസറായിരുന്ന ലഫ്റ്റനന്റ് ജനറല്‍ ജഗ്ജീത് സിങ് അറോറയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടിയെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.
പാക് സൈന്യത്തെ ധാക്കയില്‍ കീഴടക്കിയ തന്ത്രശാലിയായ അറോറയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിയ്ക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകളെന്ന് വിലയിരുത്തലുകളുണ്ട്.
കിഴക്കന്‍ കരസേനാ കമാന്‍ഡ് മുക്തി വാഹിനി പ്രവര്‍ത്തകരെ ആദരിക്കുന്നതിനായി പഴയ രേഖകള്‍ പരിശോധിച്ചപ്പോഴാണ് നശിപ്പിക്കപ്പെട്ട വിവരം വ്യക്തമായത്. യുദ്ധസമയത്ത് മുക്തിവാഹിനികള്‍ക്ക് ഇന്ത്യയില്‍ താമസൗകര്യം ഒരുക്കിക്കൊടുത്ത കരസേനാ, അവര്‍ക്ക് മികച്ച യുദ്ധ പരിശീലനം നല്‍കുകയും സൈനിക നീക്കങ്ങളില്‍ പങ്കാളികളാക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications