തൊടുപുഴ: യുഡിഎഫില്‍ അര്‍ഹമായ സീറ്റു ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണി തൊടുപുഴയില്‍ പറഞ്ഞു. ഒപ്പം കൂട്ടാന്‍ കൊള്ളാത്തവരാണെങ്കില്‍ യുഡിഎഫില്‍ നിര്‍ത്തേണ്ട കാര്യമില്ല. പാര്‍്ട്ടിയ്ക്ക് ശക്തിയുണ്ടെങ്കില്‍ സീറ്റ് തനിയെ വന്നു കൊള്ളും. ആരോടും ചോദിച്ച് പിറകെ നടക്കേണ്ട. അന്യായമായി ആരുടേയും സീറ്റ് തട്ടിപ്പറിക്കില്ലെന്നും കെ.എം.മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ്സ് (എം) മണ്ഡലം കമ്മിറ്റി നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍ണായക ഘട്ടത്തില്‍ സീറ്റ് ത്യജിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വെറുതെ സീറ്റ് ത്യജിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നടക്കില്ലെന്ന് മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസില്‍ ഐക്യമാണു പ്രധാനം. ഐക്യജനാധിപത്യമുന്നണിയാണ് കേരളത്തിന്റെ സമ്പത്ത്. എപ്പോഴൊക്കെ യുഡിഎഫില്‍ അനൈക്യം ഉണ്ടായിട്ടുണ്ടോ അന്നൊക്കെ ഇടതുപാര്‍ട്ടികള്‍ അധികാരത്തിലേറിയിട്ടുണ്ട്. സീറ്റിനെച്ചൊല്ലി ഒരു തര്‍ക്കവും ആവശ്യമില്ലെന്നും മാണി പറഞ്ഞു.