സ്‌ഫോടനം ഫെഫ്കയുടെ തിരക്കഥ:കാനം രാജേന്ദ്രന്‍
തൃശൂര്‍: കുട്ടിക്കാനത്ത് ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ പൊട്ടിത്തെറി ഫെഫ്ക മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് മാക്ട ഫെഡറേഷന്‍ പ്രസിഡന്റ് കാനം രാജേന്ദ്രന്‍.
സംഭവം നടന്ന് ഇടുക്കി ഡിവൈഎസ്പി സ്ഥലത്തെത്തുന്നതിനു മുമ്പുതന്നെ പ്രതികളെ കണ്ടെത്തിയതില്‍ നിന്നും മൂന്നര സിനിമ മാത്രം ചെയ്ത ബി. ഉണ്ണികൃഷ്ണനാണ് ഇതിന്റെ തിരക്കഥ തയാറാക്കിയതെന്ന് മനസ്സിലാക്കാമെന്നും കാനം പറഞ്ഞു.
എഐവൈഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരിലെത്തിയ അദ്ദേഹം സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
തൊഴില്‍ നിഷേധത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് കോടതിയുടെ സംരക്ഷണം നേടിയെടുക്കാനുമുള്ള ഗൂഢാലോചനയാണിത്. സംഭവത്തിനു പിന്നില്‍ ലൊക്കേഷനിലെ ആളുകള്‍ തന്നെയാണ്. ഇതുകൊണ്ടൊന്നും ഈ മേഖലയിലെ തൊഴില്‍പ്രശ്‌നം അവസാനിക്കില്ല.
സാംസ്‌കാരിക വകുപ്പ് മന്ത്രി കോട്ടയത്ത് ഒരു നാടകം നടത്തി. മാക്ടയെ ഒഴിവാക്കികൊണ്ടായിരുന്നു അത്. മോഹന്‍ലാലിനു ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയതുപോലെ വല്ല 'ഐ.ജി' പദവി കോടിയേരി ഉണ്ണികൃഷ്ണന് നല്‍കിയോ എന്നറിയില്ല- രാജേന്ദ്രന്‍ പറഞ്ഞു.
ചര്‍ച്ചയില്‍ പങ്കെടുത്തവരെ മാത്രമേ 12ന് നടക്കുന്ന ചര്‍ച്ചയ്ക്കു വിളിക്കൂ. ചര്‍ച്ചയെ സംബന്ധിച്ച ഒരറിയിപ്പും ഇതുവരെ മാക്ടയ്ക്ക് ലഭിച്ചിട്ടില്ല. മാക്ടയെ കൂടി പങ്കെടുപ്പിച്ചു ചര്‍ച്ച സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications