ആരു ചോദിച്ചാലും എന്റെ ജാതി ഇന്ത്യന്‍: ബച്ചന്‍

ജനസംഖ്യാ കണക്കെടുപ്പില്‍ ജാതി കൂടി ഉള്‍പ്പെടുത്തിയതിനെതിരെ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബച്ചന്റെ പ്രതികരണം.
രാഷ്ട്രീയക്കാര്‍ ഈ പ്രശ്‌നത്തില്‍ നിന്ന് അകന്നു നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് അവരെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ നിലവിലെ സമ്പ്രദായം എന്ത് തന്നെയായായാലും എന്നോട് ആരെങ്കിലും ജാതി ചോദിക്കുകയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഇന്ത്യന്‍ എന്ന് എനിക്ക് മറുപടി പറയാന്‍ കഴിയും- ബച്ചന്‍ ബ്ലോഗിലൂടെ പറയുന്നു.
കവിയും എഴുത്തുകാരനുമായിരുന്ന തന്റെ പിതാവ് ഹരിവംശ് റായ് ബച്ചന്‍ ഒരിക്കലും ജാതി സമ്പ്രദായത്തില്‍ വിശ്വസിച്ചിരുന്നില്ലെന്നും ബച്ചന്‍ പറഞ്ഞു. അച്ഛന്‍ വിവാഹം കഴിച്ചത് ഒരു സിഖ് വനിതയെ( തേജി ബച്ചന്‍)യാണ്. ഞാന്‍ വിവാഹം ചെയ്തത് ബംഗാളിയായ ജയാ ഭാദുരിയെയാണ്.
എന്റെ സഹോദരന്റെ ഭാര്യ ഒരു സിന്ധ് വനിതയാണ്. മകള്‍ ശ്വേത ഒരു പഞ്ചാബി പുരുഷനെ വിവാഹം കഴിച്ചപ്പോള്‍ മകന്‍ അഭിഷേക് മംഗലാപുരം സ്വദേശിനിയായ ഐശ്വര്യയെയാണ് വിവാഹം കഴിച്ചത്. എന്റെ കുടുംബത്തിലെ ഭാവി തലമുറയും ഈ പാരമ്പര്യം തന്നെയായിരിക്കും പിന്തുടരുക- അദ്ദേഹം വ്യക്തമാക്കി.
ബോംബെ മുനിസിപ്പല്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ യുണീക് ഐഡന്റിന്റി കാര്‍ഡിന്റെ വിവരശേഖരണത്തിനായി വീട്ടില്‍ വന്നിരുന്നു. അവര്‍ എന്റെ പേരും മേല്‍വിലാസവും വയസ്സും, ജനന സ്ഥലവുമെല്ലാം ചോദിച്ചു. എന്നാല്‍ ഇന്ത്യന്‍ എന്നു മറുപടി പറയാനായി ആ ചോദ്യം അവര്‍ ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു, പക്ഷേ അവര്‍ ചോദിച്ചില്ല- അദ്ദേഹം പറയുന്നു.












Click it and Unblock the Notifications