കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് കുമാറിനെതിരെ വീണ്ടും കരുനീക്കം

  • By Super
Google Oneindia Malayalam News

K Suresh Kumar IAS
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും മൂന്നാര്‍ ദൗത്യസംഘം മുന്‍തലവനുമായ കെ സുരേഷ്‌കുമാറിനെതിരെ പാര്‍ട്ടി വീണ്ടും കരുനീക്കുന്നു. സുരേഷിനെ സസ്‌പെന്റ് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന ആഭ്യന്തരവകുപ്പിന്റെ പഴയഫയല്‍ പൊടിതട്ടിയെടുത്താണ് ഔദ്യോഗികപക്ഷത്തിന്റെ കരുനീക്കം.

എന്നാല്‍ ഈ നീക്കത്തിന് വിഎസ് തടയിട്ടുകഴിഞ്ഞെന്നാണ് സൂചന. തച്ചങ്കരിയ്‌ക്കെതിരെയുള്ള നിയമനടപടികള്‍ നിര്‍ത്താന്‍ വിഎസ് തയ്യാറാവാത്തതിനാലാണ് സുരേഷിനെ കരുവാക്കുന്നതെന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ചുവെന്ന കുറ്റത്തിന് മുന്‍പ് സുരേഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സുരേഷ്‌കുമാറിനെ കോടതി നിര്‍ദേശപ്രകാരം തിരിച്ചെടുക്കേണ്ടിവന്നപ്പോള്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്യാനായി ആഭ്യന്തരവകുപ്പ് വിജിലന്‍സ് അന്വേഷണം നടത്തി. കാര്‍ഷിക ഗ്രാമവികസന സഹകരണബാങ്ക് എം.ഡി.യായിരുന്നപ്പോള്‍ സുരേഷ്‌കുമാര്‍ ക്രമക്കേട് കാട്ടി എന്ന പരാതിയിലായിരുന്നു അന്വേഷണം.

കാര്‍ഷിക സഹകരണ വികസന ബാങ്കിലെ സിപിഎം യൂണിയന്റെ പരാതിപ്രകാരമായിരുന്നു സുരേഷ്‌കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം. യാത്രയ്ക്കിടെ ഔദ്യോഗിക വാഹനത്തിന്റെ ഹോണ്‍ കേടായപ്പോള്‍ മറ്റൊന്നു വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചില്ലെന്നാണ് ഒരു പരാതി. വാഹനത്തിനുള്ളില്‍ ലാപ്‌ടോപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ 350 രൂപയുടെ അഡാപ്ടര്‍ ക്വട്ടേഷനില്ലാതെ വാങ്ങിയെന്നാണ് മറ്റൊരു പരാതി. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നും ആരോപണമുണ്ട്.

എന്നാല്‍ പരാതിയില്‍ പറയുന്ന ഒരുകാര്യങ്ങളും ഗൗരവമര്‍ഹിക്കുന്നതോ അഴിമതിനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതോ അല്ലെന്നായിരുന്നു അന്നത്തെ ചീഫ് സെക്രട്ടറി നീലാഗംഗാധരന്റെ നിലപാട്. സസ്‌പെന്‍ഷന്റെ ആവശ്യമില്ലെന്ന് അവര്‍ ഫയലില്‍ എഴുതി. എന്നാല്‍, ഇതുകണക്കിലെടുക്കാതെ, സുരേഷിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി കോടിയേരിബാലകൃഷ്ണന്‍ ശുപാര്‍ശ ചെയ്തു.

ഈ പ്രശ്‌നം മന്ത്രിസഭയ്ക്ക് മുന്‍പാകെ എത്തി. ചീഫ് സെക്രട്ടറിയുടെ അഭിപ്രായംകൂടി കേട്ടശേഷം സസ്‌പെന്‍ഡ് ചെയ്യേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. ഒന്‍പതുമാസം മുന്‍പുള്ള ഈ ഫയലാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വീണ്ടും പൊങ്ങിയത്. ഒരിക്കല്‍ ചര്‍ച്ചചെയ്ത ഫയലാണെന്നുതിരിച്ചറിഞ്ഞ് മുഖ്യമന്ത്രി ഇത് പരിഗണിക്കാതെ മാറ്റിവെയ്ക്കുകയായിരുന്നുവത്രേ.

അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് തച്ചങ്കരിയെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇത് സി.പി.എമ്മിലെ ഔദ്യോഗികപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. അങ്ങനെയെങ്കില്‍ കോടിയേരി സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥനെതിരെയും മുഖ്യമന്ത്രി നടപടിയെടുക്കണമെന്നാണ് ഇവരുടെ വാദം. നാലുമാസംമുന്‍പ് സര്‍വീസില്‍ തിരിച്ചെത്തിയ സുരേഷ്‌കുമാര്‍ ഇപ്പോള്‍ ഔദ്യോഗിക ഭാഷാവിഭാഗം സെക്രട്ടറിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X