കസ്റ്റഡി മരണം: ഉന്നതര്‍ പ്രതികളായേക്കും
പാലക്കാട്: പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പുതുക്കിയ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിയ്ക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.
കേസില്‍ ഡിവൈഎസ്പി സികെ രാമചന്ദ്രന്‍, നോര്‍ത്ത് സിഐ വിപിന്‍ദാസ് എന്നിവരെ കൂടി പ്രതികളായി ഉള്‍പ്പെടുത്തിയാകും അന്വേഷണസംഘം കോടതിയില്‍ പ്രതിപ്പട്ടിക സമര്‍പ്പിക്കുക. ഇവരെ കൂടി പ്രതി ചേര്‍ക്കാന്‍ അനുമതി തേടിക്കൊണ്ട് അന്വേഷണസംഘം എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.
അനുമതി ലഭിച്ചാലുടന്‍ പുതുക്കിയ പട്ടിക കോടതിയില്‍ സമര്‍പ്പിക്കും. തെളിവു നശിപ്പിയ്ക്കല്‍, കൃത്യനിര്‍വ്വഹണത്തിലെ വീഴ്ച എന്നീ കുറ്റങ്ങളാവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തുക.
ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും പ്രതികള്‍ കോടതിയില്‍ നല്‍കിയ മൊഴിയും കണക്കിലെടുത്താണ് ഇവരെ പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചത്. അതിനിടെ കേസില്‍ നേരത്തേ പ്രതി ചേര്‍ത്ത 12 പൊലീസുകാരെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡു ചെയ്തു.












Click it and Unblock the Notifications