ജമാ അത്തെയും ലീഗും അടുക്കുന്നു
കോഴിക്കോട്: ഇടതുപക്ഷത്തോട് അനുഭാവം പുലര്‍ത്തിയിരുന്ന ജമാ അത്തെ ഇസ്ലാമി എതിര്‍പാളയത്തിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുസ്ലീം ലീഗ്- ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ കോഴിക്കോട്ട് ചര്‍ച്ച നടത്തിയതാണ് ഇത്തരമൊരു സൂചനകള്‍ നല്‍കിയിരിക്കുന്നത്.
ലീഗ് സംസ്ഥാന സെക്രട്ടറി പികെ. കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറി അബ്ദുള്‍ സമദ് സമദാനി, സംസ്ഥാന ഭാരവാഹികളായ എംകെ മുനീര്‍, കെപിഎ മജീദ് എന്നിവര്‍ ലീഗിനെ പ്രതിനിധീകരിച്ചും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി. ആരിഫ് അലി, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിയവര്‍ എന്നിവര്‍ ജമാ അത്തെ ഇസ്ലാമിയെപ്രതിനിധീകരിച്ചും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ചര്‍ച്ച നടന്ന കാര്യം മുസ്ലീം ലീഗ് നേതാക്കള്‍ നിഷേധിച്ചെങ്കിലും ജമാ അത്തെ ഇസ്ലാമി നേതൃത്വം സ്ഥിരീകരിച്ചു. കിനാലൂര്‍ സംഭവം, വഖഫ് ബോര്‍ഡ്, പ്ലസ് ടു സീറ്റ് എന്നിവ ചര്‍ച്ചാവിഷയമായെന്നു ജമാഅത്ത് ഇസ്ലാമി നേതാക്കള്‍ പറഞ്ഞു.
കിനാലൂര്‍ സംഭവത്തില്‍ ജമാ അത്തെ ഇസ്ലാമിയും ഇടതുമുന്നണിയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ചര്‍ച്ചകളെന്നത് ശ്രദ്ധേയമാണ്. കിനാലൂരില്‍ സമരത്തിന് നേതൃത്വം നല്‍കിയ ജമാ അത്തെ ഇസ്ലാമിയുടെ യുവജനവിഭാഗമായ സോളിഡാരിറ്റിയെ തീവ്രവാദ സംഘടനയെന്നാണ് സിപിഎം നേതാക്കള്‍ വിളിച്ചിരുന്നത്.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല നിലപാടു സ്വീകരിക്കുമെന്ന സൂചനകളാണ് ജമാ അത്തെയില്‍ നിന്നും ഇപ്പോള്‍ ലഭിയ്ക്കുന്നത്.












Click it and Unblock the Notifications