തരൂരും സുനന്ദയും മോതിരം മാറുന്നു

തരൂര്‍ വിദേശയാത്രയിലാണെങ്കിലും ബാംഗ്ലൂരില്‍ വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നേരത്തേ പറഞ്ഞുകേട്ടതുപോലെ നടന്‍ സഞ്ജയ് ഖാന്റെ ഉടമസ്ഥതയില്‍ തുംകൂര്‍ റോഡിലുള്ള ആഡംബരഹോട്ടലായ ഗോള്‍ഡന്‍ പാംസിലാണു ചടങ്ങു നടക്കുക.
വെറും നിശ്ചയമല്ല രണ്ടുപേരും തമ്മില്‍ മോതിരം മാറലും നടക്കുമെന്നാണ് അറിയുന്നത്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്ന വിഷയത്തില്‍ പ്രഭാഷണവും വിക്‌ടോറിയയില്‍നിന്നും വാന്‍കൂവറിലേക്കുള്ള യാത്രയുമായി തരൂര്‍ ഇപ്പോള്‍ നാട്ടിലില്ല.
കേന്ദ്രമന്ത്രിയായതു മുതല്‍ ട്വിറ്ററിലെ പരാമര്‍ശങ്ങളിലൂടെ വിവാദനായകനായ തരൂരിന്റെ മന്ത്രിസ്ഥാനം തെറിച്ചതു കാശ്മീരിയായ സുനന്ദാ പുഷ്‌കര്‍ കൂടി ഉള്‍പ്പെട്ട വിവാദത്തിലൂടെയായിരുന്നു. എന്തായാലും വിവാദങ്ങള്‍ക്ക് തെല്ലു ശമനം വന്നിരിക്കുന്ന സാഹചര്യത്തില്‍ തരൂര്‍ സുനന്ദയെ ഔദ്യോഗികമായി ജീവിതസഖിയാക്കുകയാണ്.
കൊച്ചി ഐപിഎല്‍ ടീമിനു വേണ്ടിയുള്ള തരൂരിന്റെ ഇടപെടലുകളും ഐപിഎല്‍ ലേലത്തില്‍ വിജയിച്ച റോണ്‍ഡിവൂസ് കണ്‍സോര്‍ഷ്യത്തില്‍ സുനന്ദയുടെ സൗജന്യ ഓഹരി പങ്കാളിത്തവും സസ്‌പെന്‍ഷനിലായ ഐപിഎല്‍ കമ്മിഷണര്‍ ലളിത് മോഡി പുറത്തുവിട്ടതോടെയാണു വിവാദം കൊഴുത്തത്.
തരൂരും സുനന്ദയും ഒന്നിച്ചു പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും തങ്ങള്‍ക്കിടയിലുള്ളത് സൗഹൃദബന്ധം മാത്രമാണെന്നായിരുന്നു ഇരുവരുടെയും വിശദീകരണം.












Click it and Unblock the Notifications