വാത്മീകി കൊള്ളക്കാരനായിരുന്നില്ല: കോടതി
ചണ്ഡിഗഡ്: രാമായണം എഴുന്നതിനും മുമ്പ് മഹര്‍ഷി വാത്മീകി ഒരു കൊള്ളക്കാരനായിരുന്നുവെന്ന വിശ്വാസം അടിസ്ഥാനരഹിതമാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.
ജസ്റ്റിസ് രാജീവ് ഭല്ലയാണ് വാത്മീകി പൂര്‍വ്വാശ്രമത്തില്‍ കൊള്ളക്കാരനായിരുന്നില്ലെന്ന് പറഞ്ഞത്. യാഥാര്‍ഥ്യങ്ങള്‍ പഴങ്കഥകള്‍ക്കിടയില്‍ മറഞ്ഞുപോയതാണെന്നാണ് ജഡ്ജിയുടെ വാദം. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ ഒരു റിസര്‍ച്ച് സ്‌കോളറുടെ ഗവേണഷഫലങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ജഡ്ജി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വാല്‍മീകി പൂര്‍വ്വാശ്രമത്തില്‍ ഒരു കൊള്ളക്കാരനായിരുന്നുവെന്നുള്ള രീതിയില്‍ ഒരു പരമ്പരയില്‍ കഥാപാത്രങ്ങള്‍ തമ്മിലുണ്ടായ സംസാരത്തെത്തുടര്‍ന്ന് നിയമക്കുരുക്കിലായ ഒരു ചാനലിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
ചാനലിലെ ഒരു പരിപാടിയിലെ രണ്ടുകഥാപാത്രങ്ങള്‍ തമ്മിലുള്ള സംസാരിത്തിനിടെയാണ് വാത്മീകി കൊള്ളക്കാരനായിരുന്നുവെന്നുള്ള പരാമര്‍ശം കടന്നുവന്നത്. ഇതിനെത്തുടര്‍ന്ന് ജലന്ധറില്‍ നിന്നാണ് ചാനലിനെതിരെ നിയനടപടിയുണ്ടായത്. വാല്‍മീകി വിഭാഗത്തില്‍പ്പെട്ട ഒരാളാണ് 2009ല്‍ ചാനലിനെതിരെ പരാതി നല്‍കിയത്.
എന്നാല്‍ ഈ പരാതി തള്ളിക്കളയണമെന്നും വാത്മീകി കൊള്ളക്കാരനാണെന്നാണ് പുരാണത്തിലുള്ളതെന്നും കാണിച്ചായിരുന്നു ചാനല്‍ ഹര്‍ജി നല്‍കിയത്. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ വാത്മീകി ചെയര്‍ മേധാവി നടത്തിയ പഠനങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് കോടതി വാത്മീകി ഒരു കൊള്ളക്കാരനല്ലായിരുന്നുവെന്ന് നിരീക്ഷിച്ചത്.
മാത്രമല്ല ചാനലിന്റെ ഹര്‍ജി കോടതി തള്ളുകയും ചെയ്തിട്ടുണ്ട്. പുരാണകഥകളും മതപരമായ കാര്യങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധചെലുത്തണമെന്നും ജനങ്ങളുടെ വികാരത്തെ ഹനിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
ചാനലിനെതിരെയുള്ള അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications