യൂത്ത് കോണ്‍ഗ്രസ് നേതാവ് യുവതിയെ പീഡിപ്പിച്ചു
ബാംഗ്ലൂര്‍: മന്ത്രിയ്ക്കുപിന്നാലെ കര്‍ണാടകത്തിലെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവും ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലായി.
കാര്‍വാറിലെ താലൂക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രതാപ് സിങാണ് സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്നത്. യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്ന് പ്രതാപ് ഒളിവില്‍പ്പോയിരുന്നു, എന്നാല്‍ ഒളിസങ്കേതം കണ്ടെത്തി പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.
കാര്‍വാറില്‍ കൊണ്ടുവന്ന ഇയാളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്. ഗള്‍ഫില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്തിന്റെ ഭാര്യയെയാണ് ഇയാള്‍ മാനഭംഗപ്പെടുത്തിയത്.
പുരുഷന്മാരില്ലാത്ത വീടായതിനാല്‍ അവരുടെ വീടുപണിയുടെ മേല്‍നോട്ടം വഹിക്കാമെന്ന് വാഗ്ദാനം നല്‍കിയാണത്രേ ഇയാള്‍ കുടുംബവുമായി നല്ല ബന്ധം സ്ഥാപിച്ചത്. ഇതിന്റെ പേരില്‍ ഇയാള്‍ നിരന്തരം സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നുവത്രേ.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം വീട്ടിലെത്തിയ പ്രതാപ് സുഹൃത്തിന്റെ ഭാര്യയെ മയക്കുമരുന്ന് നല്‍കിയശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു.
പ്രതാപ് ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അവസാനം യുവതി താമസിക്കുന്ന നഗരത്തില്‍ ഈ വീഡിയോ ക്ലിപ് പ്രചരിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഇതോടെ കുടുംബാംഗങ്ങളുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications