അംബാനി സഹോദരന്മാര്‍ തര്‍ക്കം അവസാനിപ്പിക്കുന്നു
ദില്ലി: ഇന്ത്യയിലെ ബിസിനസ് രാജാക്കന്മാരായ അംബാനി സഹോദരങ്ങള്‍ മുകേഷും അനിലും തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നു.
കൃഷ്ണ, ഗോദാവരി തടത്തിലെ പ്രകൃതിവാതകത്തിന്റെ വിലയും മറ്റും സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുവരും തമ്മില്‍ ധാരണയായി.
റിലയന്‍സ് സാമ്രാജ്യം പിളര്‍ന്നപ്പോള്‍ കൃഷ്ണ ഗോദാവരി തടത്തിലെ പ്രകൃതിവാതകം പങ്കുവയ്ക്കുന്നതിനെപ്പറ്റി അമ്മ കോകിലാബെന്നിന്റെ മദ്ധ്യസ്ഥതയില്‍ മുകേഷും അനിലും തമ്മില്‍ 2005ല്‍ ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കിയതായി അംബാനി സഹോദരന്മാരുടെ കമ്പനി വക്താക്കള്‍ അറിയിച്ചു.
പുതിയ കരാര്‍ ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാനും ഇരുവരും തീരുമാനിച്ചിട്ടുണ്ട്.മുകേഷിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രതിദിനം 2.9 കോടി ഘനമീറ്റര്‍ വാതകം അന്നത്തെ വിലയ്ക്ക് 17 വര്‍ഷത്തേക്ക് അനില്‍ അംബാനിയുടെ റിലയന്‍സ് നാച്വറല്‍ റിസോഴ്‌സസിന് നല്‍കണമെന്നായിരുന്നു ധാരണാപത്രത്തിലെ വ്യവസ്ഥ.
സര്‍ക്കാര്‍ പ്രകൃതിവാതകത്തിന് നിശ്ചയിച്ച വിലയേക്കാള്‍ കുറഞ്ഞ വിലയാണ് ഇതെന്ന് ചൂണ്ടിക്കാട്ടി മുകേഷ് ധാരണാപത്രത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കേസ് കോടതിയില്‍ എത്തി.
ഒടുവില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ച് മുകേഷ് അംബാനിയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു.
പ്രകൃതിവാതകത്തിന്റെ വില സംബന്ധിച്ച് ആറാഴ്ചയ്ക്കുള്ളില്‍ മുകേഷ് അംബാനിയും അനില്‍ അംബാനിയും ചര്‍ച്ച ചെയ്ത് ധാരണയില്‍ എത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും തര്‍ക്കം അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications