വിമാനദുരന്തം: മരിച്ച 122 പേരെ തിരിച്ചറിഞ്ഞു

മരിച്ചവരില്‍ 20 പേരുടെ മൃതദേഹം സംസ്‌കരിച്ചു. മുഴുവന്‍ മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. 36 പേരുടെ മൃതദേഹം തീര്‍ത്തും തിരിച്ചറിയാനാവാത്ത നിലയിലാണ്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കും. ഇതിനായി ഹൈദരാബാദില്‍ നിന്ന് ഫോറന്‍സിക് സംഘം മംഗലാപുരത്തെത്തിയിട്ടുണ്ട്.
വിമാനത്തിന്റെ ബ്ലാക് ബോക്‌സിനായി തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ 6.02നാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ദുബയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യാ വിമാനം മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ കുന്നില്‍ ചരിവിലേയ്ക്ക് വീണ് തീപ്പിടിച്ചാണ് ദുരന്തമുണ്ടായത്.
രണ്ട് മലയാളികളടക്കം എട്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നാണ് ഇത്. ആറ് ജീവനക്കാരടക്കം 166 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ 32 സ്ത്രീകളും 19 കുട്ടികളും നാല് കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു.
റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ നിയന്ത്രണംനഷ്ടപ്പെട്ടാണ് അപകടം. റണ്‍വേ ലൈനിനപ്പുറമാണ് വിമാനം നിലംതൊട്ടത്. വിമാനത്താവളം സ്ഥിതിചെയ്യുന്ന കുന്നിന്‍മുകളില്‍നിന്ന് 200 മീറ്റര്‍ താഴ്ചയുള്ള കൊക്കയില്‍വീണ വിമാനം നാലായി പിളര്‍ന്നു. വന്‍ അഗ്‌നിബാധയാണ് ഉണ്ടായത്. ദൂരെ തെറിച്ചുവീണ വിമാനത്തിന്റെ മധ്യഭാഗത്തിന് തീപ്പിടിച്ചില്ല. ഇതിലുണ്ടായിരുന്നവരാണ് രക്ഷപ്പെട്ടത്.












Click it and Unblock the Notifications