കൊലയാളി നമ്പര്‍ കമ്പനി റദ്ദാക്കി
സോഫിയ: ഉടമസ്ഥരായിരുന്നവരൊക്കെ അകാലത്തില്‍ മരിക്കുക, അതുകൊണ്ടുതന്നെ വെറുക്കപ്പെട്ടതായി മാറുക അതാണ് 0888 888 888 എന്ന ഫോണ്‍ നമ്പറിന്റെ വിധി.
ബള്‍ഗേറിയയിലാണ് ഈ നിഗൂഡത നിറഞ്ഞ നമ്പര്‍ ഉള്ളത്. ഇവിടുത്തെ മുന്‍നിര മൊബൈല്‍ കമ്പനിയായ മൊബിടെല്ലിന്റേതാണ് ഈ നമ്പര്‍, കമ്പനിയുടെ മുന്‍ സിഇഒ വ്ലാഡിമര്‍ ഗ്രാഷ്‌നോവാണ് ഈ നമ്പര്‍ ആദ്യം ഉപയോഗിച്ചത്.
2001ല്‍ കാന്‍സര്‍ ബാധയെത്തുടര്‍ന്ന് ഇദ്ദേഹം മരിച്ചു, 48വയസ്സായിരുന്നു മരണസമയത്ത് അദ്ദേഹത്തിന്റെ പ്രായം. പിന്നീട് ഈ നമ്പര്‍ ചെന്നുപെട്ടത് മാഫിയ തലവനായ കോണ്‍സ്റ്റാന്റിന്‍ ദിമിത്രേവിന്റെ കൈകളിലാണ്.
2003ല്‍ തന്റെ 31ആമത്തെ വയസ്സില്‍ നെതര്‍ലാന്റില്‍ വച്ച് എതിരാളികളുടെ വെടിയേറ്റ് ദിമിത്രേവ് കൊല്ലപ്പെട്ടു. മരണസമയത്ത് ദിമിത്രേവിന്റെ കയ്യില്‍ ഈ നമ്പറില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു.
പിന്നീട് ഈ വിചിത്ര നമ്പര്‍ കിട്ടിയത് ബിസിനസ് മാഗ്‌നറ്റായ കൊണ്‍സ്റ്റാന്റിന്‍ ഡിഷിലേവിനായിരുന്നു. 2005ല്‍ ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റിന് മുന്നില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെടാനായിരുന്നു ഡിഷിലേവിന്റെയും വിധി.
ഏതായാലും ഈ നിഗൂഢഫോണ്‍ നമ്പര്‍ ഇപ്പോള്‍ കമ്പനി തന്നെ പിന്‍വലിച്ചിരിക്കുകയാണ്. ഇതിലേക്ക് വിളിക്കുന്ന ആളുകള്‍ക്ക് പരിധിക്ക് പുറത്താണെന്ന സന്ദേശമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.
എന്നാല്‍ മൊബിടെല്ലിന്റെ വക്താക്കള്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.വ്യക്തിഗതനമ്പറുകളെക്കുറിച്ച് പരസ്യമാക്കില്ലെന്ന് കമ്പനിയുടെ മറുപടി.












Click it and Unblock the Notifications