തൃശൂര്‍-കന്യാകുമാരി എട്ട് വരിപാതയ്ക്ക് നിര്‍ദ്ദേശം

ദേശീയ എക്സ്പ്രസ്വേയുടെ ഭാഗമായാണ് ഈ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിയ്ക്കുന്നത്. 90 മീറ്റര്‍ വീതിയുള്ള എട്ട് വരി പാത നിര്‍മ്മിയ്ക്കാനാണ് പദ്ധതി. പദ്ധതി നടപ്പാക്കാനായി 5000 കോടി രൂപയാണ് വേണ്ടത്. എന്‍ എച്ച് 47, എം സി റോഡ് എന്നിവയുമായി ഒരു ബന്ധവും ഇല്ലാത്ത പുതിയ റോഡാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്.
400 കിലോമീറ്ററാണ് ഈ എക്സ്പ്രസ് ഹൈവേയുടെ നീളം. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ ആരാഞ്ഞിരുന്നു. ഹൈവേ തൃശൂര്‍ വരെ പോര, പകരം മംഗലാപുരം വരെ നീട്ടണം എന്നാണ് കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശം. മലബാര്‍ മേഘലയ്ക്ക് കൂടി പുതിയ റോഡിന്റെ ഗുണം കിട്ടാനായാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം വച്ചത്. കേരളത്തിന്റെ നിര്‍ദ്ദേശത്തോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ഏപ്രില്‍ അവസാനമാണ് ഈ പുതിയ പാത നിര്‍ദേശിച്ചുകൊണ്ടുള്ള കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്.
കന്യാകുമാരി-തൃശ്ശൂര്‍ പാതയുടെ എവിടെക്കൂടെ ആയിരിയ്ക്കും എന്ന് പൂര്‍ണ രൂപം ആയിട്ടില്ല. ആദ്യ നിര്‍ദ്ദേശം തിരുവനന്തപുരം-നെടുമങ്ങാട്-പത്തനംതിട്ട-മൂവാറ്റുപുഴ വഴിയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് പാതയുടെ കരട് നിര്‍ദേശിച്ചിരിക്കുന്നത്.
ദേശീയ ഹൈവേ അഥോറിട്ടിയാണ് രാജ്യത്തെങ്ങും പുതിയ ഹൈവേകള്‍ നിര്‍മിയ്ക്കുന്നത്. പലതും ബിഒടി (നിര്‍മ്മിച്ച് നടത്തി കൈമാറല്‍) സംവിധാനത്തിലാണ് പണിയുന്നത്. അതുകൊണ്ട് തന്നെ റോഡിന് ടോള്‍ നല്‍കേണ്ടി വരും. പക്ഷേ ടോള്‍ നല്‍കിയാലും പെട്രോള്‍ ഇനത്തില്‍ പണം ലാഭിയ്ക്കാമെന്നതിനാല്‍ രാജ്യത്ത് പണി തീര്‍ത്ത ഇത്തരത്തിലുള്ള റോഡൊക്കെതന്നെ യാത്രക്കാര്‍ പരാതിയില്ലാതെ ഉപയോഗിയ്ക്കുന്നുണ്ട്. ബിഒടി സംവിധാനം കേരള സര്‍ക്കാരിന് അത്ര പഥ്യമല്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശത്തോട് അനുകൂലമായാണ് സംസ്ഥാനം പ്രതികരിച്ചത്. തുടര്‍ന്നാണ് തൃശൂര്‍-കന്യാകുമാരി പാതയ്ക്കുള്ള നിര്‍ദ്ദേശം വച്ചത്.
പാത നിര്‍മ്മിയ്ക്കാനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടതുണ്ട്.
2012-ല്‍ തുടങ്ങി 2020-ല്‍ തീര്‍ക്കത്തക്കവിധം 11 പാതകളാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 11 പാതകളിലായി 3530 കിലോമീറ്റര്‍ റോഡ് 90 മീറ്റര്‍ വീതിയില്‍ നിര്‍മിക്കാനുള്ളതാണ് എക്സ്പ്രസ് ഹൈവേ പദ്ധതി. 2017-ല്‍ തീരുന്ന മറ്റ് 12 പാതകളും 2022-ല്‍ തീരുന്ന 21 പാതകളും വിവിധ സംസ്ഥാനങ്ങള്‍ക്കായി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ കേരളത്തില്‍നിന്നുള്ള പാതകള്‍ക്ക് നിര്‍ദേശമില്ല.












Click it and Unblock the Notifications