കോവിലന്‍ അനുസ്മരണം; രാവുണ്ണി ഇറങ്ങിപ്പോയി
തൃശൂര്‍: അന്തരിച്ച സാഹിത്യകാരന്‍ കോവിലനെ അനുസ്മരിക്കാനായി ചേര്‍ന്ന യോഗത്തില്‍ നിന്നും സംഗീത നാടക അക്കാദമി സെക്രട്ടറി രാവുണ്ണി ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് അനുഭാവിയായ സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്തിനെ മുഖ്യപ്രഭാഷകനായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
കേരള വര്‍മ കോളജിലെ പ്രഫസര്‍ കെ.പി ശങ്കരന്‍ നമ്പ്യാര്‍ ഹാളിലായിരുന്നു സംഭവം അരങ്ങേറിയത്.കോളജിലെ മലയാളം വിഭാഗവും മാഗസിന്‍ പ്രവര്‍ത്തകരും ചേര്‍ന്നാണു പരിപാടി സംഘടിപ്പിച്ചത്.
മലയാളം വിഭാഗം അധ്യക്ഷന്‍ പ്രഫസര്‍ വി.ജി. തമ്പിയുടെ നേതൃത്വത്തിലാണു ബാലചന്ദ്രന്‍ വടക്കേടത്തിനെ മുഖ്യപ്രഭാഷകനായി ക്ഷണിച്ചത്.
കോളെജിലെ സ്റ്റുഡന്റ് എഡിറ്റര്‍ വിഎസ് വിഭാഗക്കാരനാണ്. യൂണിയന്‍ ഭരിക്കുന്ന എസ്എഫ്‌ഐയില്‍ മാഗസിന്‍ എഡിറ്റര്‍ ഒഴികെ ബാക്കിയെല്ലാവരും ഔദ്യോഗിക വിഭാഗക്കാരാണ്.
ഔദ്യോഗിക വിഭാഗം ആദ്യം ഇക്കാര്യത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചില്ല. എന്നാല്‍ ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തി വടക്കേടത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു. പകരം രാവുണ്ണിയെ ക്ഷണിച്ചാല്‍ മതിയെന്നും നിര്‍ദേശിച്ചു.
ബാലചന്ദ്രന്‍ വടക്കേടത്തിനെ അതിനകം തന്നെ ക്ഷണിച്ചിരുന്നു, പിന്നീട് അദ്ദേഹത്തെ ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ രാവുണ്ണിയെക്കൂടി ക്ഷണിക്കുകയായിരുന്നു. ഇത് ഔദ്യോഗിക വിഭാഗം അറിഞ്ഞിരുന്നില്ല. വടക്കേടത്ത് രാവിലെ 10മണിക്കെത്തി മലയാളം വിഭാഗത്തിന്റെ ഓഫിസില്‍ ഇരുന്നു.
10.30ന് എത്തിയ രാവുണ്ണി നേരെ പോയത് കെ.പി ശങ്കരന്‍ നമ്പ്യാര്‍ ഹാളിലേക്കാണ്. പരിപാടി ആരംഭിക്കാറായതോടെ വടക്കേടത്ത് വേദിയിലെത്തി. മുഖ്യപ്രഭാഷകനായെത്തിയ ബാലചന്ദ്രന്‍ വടക്കേടത്തിനു മാഗസിന്‍ എഡിറ്റര്‍ സ്വാഗതം പറഞ്ഞതോടെ രാവുണ്ണി വേദി വിട്ട് ഇറങ്ങിപ്പോവുകയായിരുന്നു.
കോളജിന്റെ മതില്‍ക്കെട്ടും കടന്നു രാവുണ്ണി പോയതോടെയാണു സംഘാടകര്‍ക്ക് പന്തികേട് മനസിലായത്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലേക്കു വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്തിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.
പിന്നീട് ഫോണില്‍ വിളിച്ചപ്പോള്‍ തന്നെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി സംഘാടകരായ വിദ്യാര്‍ത്ഥികള്‍ പറയുന്നു.












Click it and Unblock the Notifications