കിണറ്റില്‍ വീണ ആനയെ കരകയറ്റി

പുതുശേരി വടക്കേത്തറ ഒഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് ആന വീണത്. എട്ട് ആനകളടങ്ങുന്ന കൂട്ടമാണ് നാട്ടിലിറങ്ങിയത്. പടക്കംപൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനകളെ വിരട്ടിയോടിക്കുന്നതിനിടെ എട്ടുവയസു പ്രായം തോന്നിക്കുന്ന പിടിയാന കിണറ്റില്‍ വീഴുകയായിരുന്നു. വീഴ്ചയില്‍ ആനയുടെ കാലിനു പരുക്കേറ്റതായി സംശയമുണ്ട്. 22 കോല്‍ ആഴമുള്ളതാണു കിണര്‍.
കിണറ്റില്‍ പതിനഞ്ചടിയിലേറെ വെള്ളമുണ്ടായിരുന്നു. വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്നു രാവിലെ കിണറ്റിലെ വെള്ളം പരമാവധി പുറത്തേക്കു പമ്പു ചെയ്തു. തുടര്‍ന്ന് കിണറിന്റെ ഒരു വശം ഇടിച്ചു വഴിയുണ്ടാക്കി കുങ്കിയാനകളുടെ സഹായത്തോടെ കരയ്ക്ക് കയറ്റുകയായിരുന്നു.
കിണറില്‍ നിന്നു കയറിയ ആന കാട്ടിലേക്ക് ഓടിമറഞ്ഞു. പിടിയാനയെ മൂന്നു കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ എത്തിച്ച ശേഷമാണു കുങ്കിയാനകള്‍ തിരിച്ചു പോന്നത്. കിണറ്റില്‍ വീണ പിടിയാനയ്‌ക്കൊപ്പം കാടിറങ്ങിയ ഏഴ് ആനകള്‍ നാലു കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിലയുറപ്പിച്ചിരുന്നു.












Click it and Unblock the Notifications