ബസ്സില്‍ ഇനി 'കിളി'വാതില്‍ ഇല്ല
വയനാട്: ധൃതിയില്‍ യാത്രക്കാരെ ഇറക്കിയും കയറ്റിയും സ്ത്രീകളെ ഇടയ്‌ക്കൊന്ന് തഴുകിത്തലോടി അടിവാങ്ങിച്ചും സ്വകാര്യബസ്സുകളുടെ വാതില്‍ക്കല്‍ തൂങ്ങിയാടുന്ന കിളികള്‍ ഇനി വെറുമൊരു ഓര്‍മ്മയാകും.
ഡ്രൈവര്‍മാര്‍ക്ക് നേരിട്ടു പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രവല്‍കൃത വാതിലുകള്‍ ബസുകളില്‍ വ്യാപകമായതോടെയാണ് കിളികള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഡോര്‍ ചെക്കര്‍മാരുടെ ആവശ്യം ഇല്ലാതാവുന്നു.
ഈ ജോലിയ്ക്ക് ആളെ കിട്ടാനില്ലാതായതോടെയാണു ബസുടമകള്‍ വ്യാപകമായി യന്ത്രവല്‍കൃത ഡോര്‍ സ്ഥാപിക്കുന്നതിലേക്കു തിരഞ്ഞത്.
ബസുടമയുടെ ചെലവു കുറയുന്നതോടൊപ്പം അപകടം ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടി യന്ത്രവല്‍കൃത ഡോറുകള്‍ കൊണ്ടു സാധിക്കുന്നുണ്ട്.
വയനാട്ടിലെ ജയന്തി ജനത ബസാണ് ആദ്യം സ്വയം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന യന്ത്രവല്‍കൃത വാതിലുമായി റോഡിലിറങ്ങിയത്. പിന്നീട് ജില്ലയിലെ മറ്റു ഭാഗങ്ങളിലെ സ്വകാര്യ ബസുകളിലും ഓട്ടോമാറ്റിക് ഡോര്‍ വ്യാപകമായി.
രണ്ടു കവാടങ്ങളിലും ഓട്ടോമാറ്റിക് ഡോര്‍ ഘടിപ്പിക്കാന്‍ ഏകദേശം 26,000 രൂപയാണു ചെലവ്. വയനാട് ജില്ലയില്‍ 300 ബസുകളിലാണ് ഇങ്ങനെ ഓട്ടോമാറ്റിക് വാതിലുകള്‍ ഉള്ളത്. വൈകാതെ എല്ലാ ബസിലും യന്ത്രക്കതകുകള്‍ സജ്ജമാക്കുമെന്നാണ് അറിയുന്നത്.
ജാക്ക് നൈസ് എന്ന പേരിലാണ് പുതിയ ഡോറുകള്‍ അറിയപ്പെടുന്നത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം തുടങ്ങി മലബാറിലെ മറ്റു ജില്ലകളിലേക്കും ഈ സംവിധാനം എത്തിക്കഴിഞ്ഞു.












Click it and Unblock the Notifications