തരൂര്‍-മന്‍മോഹന്‍ കൂടിക്കാഴ്ച രഹസ്യമെന്ന് ഓഫീസ്
ദില്ലി: മുന്‍വിദേശകാര്യ സഹമന്ത്രി ശശിതരൂര്‍ രാജിവെക്കുന്നതിനു തൊട്ടടുത്തുള്ള ദിവസങ്ങളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ രഹസ്യമാണെന്നും അത് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ.) നിരസിച്ചു.
വിവരാവകാശ നിയമപ്രകാരം കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട അഭിഷേക് ശുക്ലയെന്നയാള്‍ക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇങ്ങനെ മറുപടി ലഭിച്ചത്.
'മൂന്നാമതൊരു കക്ഷിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍' ചര്‍ച്ചചെയ്ത കൂടിക്കാഴ്ച വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് പി.എം.ഒ. വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും നയതന്ത്രശാസ്ത്രസാമ്പത്തിക താത്പര്യങ്ങളെയും വിദേശബന്ധത്തെയും ബാധിക്കുന്ന വിവരങ്ങളും വിവരാവകാശനിയമത്തിനു കീഴില്‍ വരില്ലെന്ന് മറുപടിയില്‍ ഓഫീസ് വ്യക്തമാക്കി.
ഐപിഎല്ലുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെത്തുടര്‍ന്ന് ഏപ്രില്‍ 18നാണ് ശശി തരൂര്‍ വിദേശകാര്യസഹമന്ത്രിസ്ഥാനം രാജിവെച്ചത്. തരൂരിന്റെ സുഹൃത്തായ സുനന്ദ പുഷ്‌കറിന് കൊച്ചി ടീമിന്റെ ഉടമസ്ഥരായ റോണ്‍ഡിവൂ സ്‌പോര്‍ട്‌സ് വേള്‍ഡില്‍ സൗജന്യഓഹരി ഉണ്ടെന്നും തരൂരിന്റെ മന്ത്രിപദവി ദുരുപയോഗംചെയ്ത് നേടിയതാണിതെന്നുമായിരുന്നു ആരോപണം.
ഏപ്രില്‍ 17 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ മന്‍മോഹനും തരൂരും നടത്തിയ കൂടിക്കാഴ്ചകളുടെ വിശദവിവരങ്ങള്‍ നല്‍കണമെന്നായിരുന്നു അഭിഷേക് ശുക്ല ആവശ്യപ്പെട്ടിരുന്നത്.












Click it and Unblock the Notifications