എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബോംബുകളുമായി താലിബാന്‍
കാബൂള്‍: താലിബാന്‍ തീവ്രവാദികള്‍ പുതിയ ആയുധങ്ങള്‍ പരീക്ഷിക്കുന്നത് ബ്രിട്ടീഷ് സന്യത്തിന് തലവേദനസൃഷ്ടിക്കുന്നു.
സിറിഞ്ച് ഒളിപ്പിച്ചുവച്ച ബോംബുകളാണ് ഇവരുടെ പുതിയ ആയുധം. ഹെപ്പറ്റൈറ്റിസ്, എയ്ഡ്‌സ് എന്നിവയുടെ രോഗാണുക്കളെ വഹിക്കുന്ന സിറിഞ്ചുകളാണ് ഇവര്‍ ബോംബിനുള്ളില്‍ ഒളിപ്പിക്കുന്നത്.
സൂചിയുടെ വശം മുകളിലേക്ക് കാണത്തക്കവിധമാണ് ബോംബ് നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ബോംബ് സ്‌ക്വാഡ് വിദഗ്ദ്ധര്‍ക്കും ഭീഷണി സൃഷ്ടിക്കുന്നു.
ബോംബ് പൊട്ടിത്തെറിക്കുന്ന വേളയില്‍ ഇതില്‍ സ്ഥാപിച്ചിരിക്കുന്ന സിറിഞ്ചുകള്‍ വിവിധ ഭാഗങ്ങളിലേക്ക് തെറിക്കുകയും സൈനികരുടെ ശരീരത്തില്‍ പതിക്കുകയും ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പോരാളികളാണ് ഇത്തരത്തിലുള്ള സിറിഞ്ച് ബോംബുകള്‍ ഉപയോഗിക്കുന്നത്.
മുന്‍ ബ്രിട്ടീഷ് സൈനിക ഓഫീസറായ പാട്രിക്ക് മെഴ്‌സറാണ് താലിബാന്റെ പുതിയ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
റേസര്‍ ബ്ലേഡുകളും തീവ്രവാദികള്‍ ഉപയോഗിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ബോംബ് സ്‌ക്വാഡുകള്‍ക്ക് കെവ്‌ലാര്‍ കൈയ്യുറകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications