ബാംഗ്ലൂര്‍ സ്‌ഫോടനം: മദനി പ്രതിപ്പട്ടികയില്‍

ബംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ മൊത്തം 32 പ്രതികളാണുള്ളത്. ഇതില്‍ 20 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുണ്ട്. 31-ാം പ്രതിയായാണ് മദനിയെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതേ സമയം സൂഫിയ മദനിയുടെ പേര് പ്രതി പട്ടികയിലില്ല.
അറസ്റ്റിലായ തടിയന്റവിള നസീര്‍, ഷഫാസ് എന്നിവരുടെ മൊഴികള്‍ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് കേസുമായി പരോക്ഷമായി മദനിക്കു ബന്ധമുള്ളതായി തെളിഞ്ഞത്. സ്‌ഫോടനത്തെക്കുറിച്ച് മുന്‍കൂര്‍ അറിയിപ്പ് ലഭിച്ചിട്ടും പൊലീസിനെ വിവരമറിയിക്കാതിരുന്നതാണ് അദ്ദേഹത്തിന് വിനയായത്.
2008 ജൂലൈയിലാണ് ബാംഗ്ലൂരിനെ ഞെട്ടിച്ച പരമ്പര സ്‌ഫോടനം അരങ്ങേറിയത്. എട്ട് സ്ഥലങ്ങളിലുണ്ടാ സ്‌ഫോടനത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.
കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പിഡിപി അറിയിച്ചു. മദനിയെ തകര്‍ക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) യിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി ആരോപിച്ചു, മദനിയെ വീണ്ടും നാടുകടത്താനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇതിനെതിരെ ഈ മാസം 22 വരെ സംസ്ഥാന വ്യാപകമായി റാലികളും പൊതു സമ്മേളനങ്ങളും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications