കനത്ത മഴ തുടരുന്നു; വ്യാപക നാശം

കോട്ടയം ജില്ലയിലെ ഇടുക്കിയിലും തീക്കോയിയിലും ഉരുള്‍പൊട്ടി. ആളപായമില്ല. തീരദേശമേഖലഖലകളിലുണ്ടായ വ്യാപകമായ കടലാക്രമണത്തില്‍ വീടുകളും മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നു. തകര്‍ന്ന വീടുകളിലെ താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ റോഡ് ഉപരോധിച്ചു.
എറണാകുളം ജില്ലയില്‍ കാലടി, കോതമംഗലം, കൂത്താട്ടുകുളം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ കനത്ത കൃഷിനാശമാണ് ഉണ്ടായത്. മഴ ശക്തമായ കാസര്‍കോട് ജില്ലയില്‍ വെസ്റ്റ് എളേരി അട്ടക്കാട്ടെ രവീന്ദ്രന്‍ (30) കുളത്തില്‍ വീണാണ് മരിച്ചത്.
ആലപ്പുഴ ജില്ലയില്‍ ശക്തമായ മഴയിലും കാറ്റിലും 18 വീടുകള്‍ തകര്‍ന്നു. രണ്ടുദിവസമായി കനത്തമഴ തുടരുന്ന കോഴിക്കോട് മീഞ്ചന്തയില്‍ റെയില്‍പ്പാളത്തില്‍ മരം വീണ് തീവണ്ടിയോട്ടം ഒന്നര മണിക്കൂര്‍ തടസ്സപ്പെട്ടു.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിനെത്തുടര്‍ന്ന് അടുത്ത മൂന്നു ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനു ജാഗ്രതപാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ തുടങ്ങി ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കണമെന്നു ദുരന്തനിവാരണ സേനയ്ക്കും പൊലീസിനും കണ്‍ട്രോള്‍ റൂമുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശക്തമായ മഴ വ്യോമ ഗതാഗതത്തെയും ബാധിച്ചു. വിമാനങ്ങള്‍ പലതും തിരിച്ചുവിട്ടു. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തേണ്ടതായും വന്നു.












Click it and Unblock the Notifications