ജമാ അത്തെ യോഗത്തില്‍ അക്രമം
കോഴിക്കോട്: ജമാ അത്തെ ഇസ്‌ലാമി കക്കോടിയില്‍ സംഘടിപ്പിച്ച യോഗം ചിലര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കക്കോടി കമ്യൂണിറ്റി സെന്ററില്‍ ജമാ അത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ ജനകീയ വികസനമുന്നണി പ്രഖ്യാപനത്തിനായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അക്രമമുണ്ടായത്.
സ്‌പെഷല്‍ ബ്രാഞ്ചിലെ രണ്ട് എഎസ്‌ഐമാര്‍ക്കും ജനകീയ വികസന മുന്നണിയുടെ നേതാക്കള്‍ക്കും പരുക്കേറ്റു. പ്രാദേശിക ടിവിചാനലായ സ്‌പൈഡര്‍ നെറ്റ് ക്യാമറാമാനെ മര്‍ദിക്കുകയും ക്യാമറ തല്ലിതകര്‍ക്കുകയും ചെയ്തു. യോഗഹാളിന് സമീപത്തുണ്ടായിരുന്ന മൂന്നു കാറുകള്‍, മൂന്ന് ഓട്ടോറിക്ഷകള്‍, ബൈക്കുകള്‍ തുടങ്ങിയവയും തകര്‍ക്കപ്പെട്ടു.
സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നു ജനകീയ വികസന മുന്നണി നേതാക്കള്‍ ആരോപിച്ചു. സിപിഎമ്മിന്റെ ബ്രാഞ്ച്, പഞ്ചായത്ത് ഭാരവാഹികള്‍ യോഗസ്ഥലത്തിനു സമീപം നേരത്തെതന്നെ സംഘം ചേര്‍ന്നിരുന്നിരുന്നാതയും അവര്‍ ആരോപിച്ചു.
കക്കോടി പഞ്ചായത്തിലെ നിലവിലുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് ബദലായി പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ജനകീയ വികസനമുന്നണി രൂപവത്കരിക്കുന്നത് എന്ന് യോഗം തുടങ്ങിയ ഉടനെ വിശദീകരിച്ചിരുന്നു. പ്രസംഗംതുടരുമ്പോള്‍ ചോദ്യം ചോദിക്കാന്‍ അനുവദിക്കുമോ എന്നൊരാള്‍ സദസില്‍ നിന്നു ചോദിച്ചു. അത് അജന്‍ഡയില്‍ ഇല്ലെന്ന് അധ്യക്ഷന്‍ മുജീബ്‌റഹ്മാന്‍ പറഞ്ഞെങ്കിലും സദസില്‍നിന്ന് ഏതാനും പേര്‍ അതിനെ എതിര്‍ത്തു.
പഞ്ചായത്ത് ഭരണത്തെ ഏകപക്ഷീയമായി കുറ്റം പറയുന്നത് ശരിയല്ലെന്നും പഞ്ചായത്ത് ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കാനുണ്ടെന്നും മറ്റും സദസിലുള്ള ചിലര്‍ ഉന്നയിച്ചെങ്കിലും അത് അംഗീകരിയ്ക്കപ്പെട്ടില്ല. ഇതോടെ ഒരു സംഘമാളുകള്‍ വടികളുമായി യോഗം കൈയേറുകയായിരുന്നു.
ഹാളില്‍ തുടങ്ങിയ അക്രമം തുടര്‍ന്ന് പുറത്തേക്ക് വ്യാപിച്ചു. അക്രമിസംഘം താഴെയിറങ്ങി പുറത്തുണ്ടായിരുന്ന കാറുകളും ഓട്ടോറിക്ഷകളും ബൈക്കുകളും തകര്‍ത്തു. തുടര്‍ന്ന് കടകളില്‍ അക്രമം നടത്തുന്നത് ചിത്രീകരിക്കുന്നതിനിടെയാണ് സൈ്പഡര്‍നെറ്റ് ചാനലിന്റെ ക്യാമറമാന്‍ സി.പി. അനൂപിന് (29) മര്‍ദനമേറ്റത്. സദസ്സിലുണ്ടായിരുന്ന സ്‌പെഷല്‍ബ്രാഞ്ച് എ.എസ്.ഐ.മാരായ ഫൈസല്‍ അഹമ്മദ്, ഉണ്ണിരാജ് എന്നിവര്‍ക്കും മര്‍ദനമേറ്റു.അക്രമം നടക്കുന്നതറിഞ്ഞ് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.












Click it and Unblock the Notifications