കമിതാക്കളെ ബന്ധുക്കള്‍ ഷോക്കടിപ്പിച്ച് കൊന്നു
ദില്ലി: ദില്ലിയില്‍ വീണ്ടും അഭിമാനക്കൊലപാതകം, കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കമിതാക്കള്‍ കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു. ഗോകുല്‍പുരി സ്വദേശികളായ യോഗേഷ് (21) ആശ (19) എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രണയത്തില്‍ നിന്നു പിന്‍മാറാത്തതിനാല്‍ യുവാവിനെയും യുവതിയെയും പെണ്‍കുട്ടിയുടെ പിതാവും മാതൃസഹോദരനും ചോര്‍ന്ന് ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നു.
രണ്ടുപേരെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. അറസ്റ്റിലായ ആശയുടെ പിതാവ് സുരേഷ് കുമാര്‍ സൈനി, അമ്മാവന്‍ ഓം പ്രകാശ് എന്നിവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഇരുവരെയും രണ്ടു ദിവസത്തേക്കു പൊലീസ് കസ്റ്റഡയില്‍ വിട്ടു. വ്യത്യസ്തജാതിയില്‍പെട്ടവരായതിനാല്‍ ഇരുവരുടെയും ബന്ധത്തെ ആശയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു.
മറ്റൊരാളുമായി ആശയുടെ വിവാഹവും നിശ്ചയിച്ചു. എന്നിട്ടും ബന്ധത്തില്‍നിന്നു പിന്‍മാറാത്തതിനെ തുടര്‍ന്ന് ആശയെ അമ്മാവന്റെ വീട്ടിലാക്കി.
സംഭവദിവസം അമ്മാവനും അച്ഛനും ചേര്‍ന്ന് ആശയെകൊണ്ട് നിര്‍ബന്ധപൂര്‍വം ഫോണ്‍ചെയ്യിച്ചതിനെ തുടര്‍ന്നാണ് യോഗേഷ് വീട്ടിലെത്തിയത്. ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഇരുവരെയും ക്രൂരമായി മര്‍ദിച്ചശേഷം ഇരുമ്പുകസേരയിലിരുത്തി ഷോക്കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
സ്വരൂപ് നഗര്‍ മൂന്നാം നമ്പര്‍ സ്ട്രീറ്റിലെ ആശയുടെ അമ്മാവന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications