ടിവി കണ്ടതിന് ഫുട്‌ബോള്‍ ആരാധകരെ കൊന്നു
മോഗാദിഷു: കാല്‍പ്പന്ത് മാമാങ്കത്തിന്റെ ലഹരിയില്‍ ലോകം മുഴുവന്‍ ആഫ്രിക്കയിലേയ്ക്കുറ്റുനോക്കുകയാണ്. എന്നാല്‍ ഈ ആരവങ്ങള്‍ക്കിടയിലും സൊമാലിയന്‍ ജനത മറ്റൊരു പ്രശ്‌നത്തെ അഭിമുഖീകരിക്കുകയാണ്.
ഇവിടത്തെ തീവ്രവാദസംഘടനയായ ഹിസ്ബള്‍ ഇസ്ലാം ലോകകപ്പ് മത്സരങ്ങല്‍ ടിവിയില്‍ കാണുന്നതുപോലും വിലക്കിയിരിക്കുകയാണ്. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കണ്ടതിന് കഴിഞ്ഞ ദിവസം രണ്ട് സൊമാലിയക്കാരെയാണ് തീവ്രവാദികള്‍ വധിച്ചത്.
വിലക്ക് ലംഘിക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ച് അഫ്‌ഗോയി ജില്ലയിലെ ജനങ്ങള്‍ ലോകകപ്പ് കാണാന്‍ ശ്രമിച്ചതാണ് വിനയായത്.
വിലക്ക് ലംഘിച്ച് ആരെങ്കിലും ലോകകപ്പ് കാണുന്നുണ്ടോ എന്നറിയാന്‍ ഞായറാഴ്ച മുതല്‍ ഹിസ്ബുള്‍ സംഘം അഫ്‌ഗോയി ജില്ലയിലെ വീടുകളില്‍ മിന്നല്‍ പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടത്തിയ റെയ്ഡില്‍ 35 പേരെ തീവ്രവാദി സംഘം തട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അല്‍ക്വൊയ്ദയുടെ പ്രാദേശിക സംഘടനയായാണ് ഹിസ്ബുള്‍ സംഘം അറിയപ്പെടുന്നത്. കായിക മത്സരങ്ങള്‍ കാണുന്നതിന് പുറമെ പാട്ട് കേള്‍ക്കുന്നതിനും നൃത്തം ചെയ്യുന്നതിനുമെല്ലാം സംഘടന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications