മാനഭംഗക്കേസ്: 100 പേരെ നഗ്നരാക്കി പരിശോധിച്ചു
മുംബൈ: ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അന്വേഷിച്ച് പൊലീസ് 100 പേരെ നഗ്‌നരാക്കി പരിശോധിച്ചത് വിവാദമാവുന്നു. താനെയ്ക്ക് അടുത്ത് ഭയന്തറിലാണ് സംഭവം നടന്നത്.
പൊലീസ് നടത്തിയത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ആരോപണം. എന്നാല്‍, പൊലീസ് ഒരുവിധത്തിലുള്ള മനുഷ്യാവകാശ ലംഘനവും നടത്തിയിട്ടില്ല എന്നാണ് താനെ എസ്പി വിശ്വാസ് നഗ്രെ പട്ടീല്‍ പറയുന്നത്.
പെണ്‍കുട്ടിയുടെ കൊലയുമായി ബന്ധപ്പെട്ട് ഭയന്തറില്‍ നിന്ന് 100 പേരെ കസ്റ്റഡിയിലെടുത്ത് അവരുടെ ശരീരത്തില്‍ പെണ്‍കുട്ടിയുടെ നഖത്തിന്റെയോ മറ്റോ പാടുകള്‍ വല്ലതും ഉണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു.
കസ്റ്റഡിയിലെടുത്ത 100 പേരുടെയും അടിവസ്ത്രം വരെ അഴിപ്പിച്ചാണ് പരിശോധിച്ചതെന്നും ഒരു കേസില്‍ സംശയിക്കപ്പെടാത്ത ആളുകളുടെ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വാദിക്കുന്നു. ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ബലാത്സംഗത്തിനു ശേഷം കൊലപാതകത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം ഭയന്തറിലെ ഒരു ഓടയില്‍ നിന്ന് ജൂണ്‍ 13 ന് ആണ് പൊലീസ് കണ്ടെടുത്തത്. ഭയന്തറില്‍ നടത്തിയ തെരച്ചിലിനൊടുവില്‍ പൂട്ടിക്കിടന്ന ഒരു വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ ചോര പുരണ്ട അടിവസ്ത്രം പൊലീസിനു ലഭിച്ചിരുന്നു. ഇതെ തുടര്‍ന്ന് പ്രകാശ് കെവാത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications