വിഎസിനെ ക്രിമിനല്‍ പ്രയോഗം; പാര്‍ട്ടിയ്ക്ക് തലവേദന

സിഎംഎസ് കോളെജില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ അക്രമം കാണിച്ചതിന് തൊട്ടുപിന്നാലെ അക്രമം കാണിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്രിമിനലുകളും അത്തരം സംഘടനകള്‍ ക്രിമിനല്‍ സംഘടനകളാണെന്നും വിഎസ് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് തലവേദനയായിരിക്കുന്നത്.
വി.എസ് പറഞ്ഞതു സിഎംഎസ് കോളജ് സംഭവത്തെക്കുറിച്ചല്ലെന്നും ഗാന്ധിമാര്‍ഗത്തെക്കുറിച്ചു നേരത്തെ എഴുതി തയാറാക്കിയ പ്രസംഗത്തില്‍ യാദൃച്ഛികമായി നടത്തിയ പരാമര്‍ശമാണെന്നും പൊളിറ്റിക്കല്‍ സെക്രട്ടറി സി.പി നാരായണന്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കിയതോടെ പാര്‍ട്ടിയില്‍ ഇതുസംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞുവെന്നുതന്നെയാണ് വ്യക്തമാക്കുന്നത്.
എന്നാല്‍ പ്രസംഗം നേരത്തെ തയാറാക്കിയതാണെന്നു പറയുമ്പോഴും വിദ്യാര്‍ഥി സമരത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ സിഎംഎസ് സംഭവത്തിനു ശേഷം ചേര്‍ത്തതാണെന്നു പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നുണ്ട്.
സിഎംഎസ് കോളജ് സംഭവത്തില്‍ എസ്എഫ്‌ഐയും സിപിഎമ്മും പലവിധ ന്യായീകരണങ്ങളുമായി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നേരേ വിപരീത ഫലം നല്‍കിക്കൊണ്ടാണ് വിഎസ് ഈ പരാമര്‍ശം നടത്തിയത്.
കോടതിയില്‍ നിന്നുണ്ടായ രൂക്ഷമായ പരാമര്‍ശങ്ങളെക്കാള്‍ പാര്‍ട്ടിയ്ക്കു ക്ഷീണമായത് സ്വന്തം മുഖ്യമന്ത്രിയുടെ പരാമര്‍ശം തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. എസ്എഫ്‌ഐ നേതൃത്വത്തിനും ഇതല്‍ കഠിനമായ അമര്‍ഷമുണ്ടെന്നാണ് സൂചന.
സിപിഎം ജില്ലാ ഘടകത്തിന് സിഎംഎസ് സംഭവം വലിയ തലവേദനയായി. എസ്എഫ്‌ഐ സമരത്തെ ന്യായീകരിച്ചുകൊണ്ടു സിപിഎം ജില്ലാ നേതൃത്വം ഇതുവരെ രംഗത്തുവന്നിട്ടില്ല. കേരളത്തിലെ ആദ്യത്തെ കലാലയത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടഭാഗങ്ങളടക്കം തകര്‍ത്ത സംഭവം ഏതാണ്ട് പാര്‍ട്ടിയുടെ കൈവിട്ടുപോയ മട്ടിലാണ്.












Click it and Unblock the Notifications