ചടങ്ങിനിടെ വധു പിന്‍മാറി; വേദിയില്‍ സംഘര്‍ഷം
കരുനാഗപ്പള്ളി: വിവാഹച്ചടങ്ങുകള്‍ക്കിടെ വധു പ്രണയം വെളിപ്പെടുത്തുകയും വിവാഹത്തിന് വിസമ്മതിയ്ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് വിവാഹസ്ഥലത്ത് സംഘര്‍ഷം.
നിക്കാഹ് കഴിഞ്ഞശേഷം താലിചാര്‍ത്താന്‍ വധു വിസമ്മതിച്ചതിനെ തുടര്‍ന്ന് വധുവില്ലാതെ വരന്‍ മടങ്ങി. തുടര്‍ന്ന് സ്ഥലത്തെത്തിയ വധുവിന്റെ കാമുകനും സംഘവും ബന്ധുക്കളുമായി ഏറ്റുമുട്ടി.
കരുനാഗപ്പള്ളി തൊടിയൂര്‍ അരമത്തുമഠം ചേമത്തറ ഓഡിറ്റോറിയത്തിലാണ് ഞായറാഴ്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹത്തിന് വിസമ്മതിച്ച വധുവിനെ കൊണ്ടുപോകാനെത്തിയ കാമുകനെയും സംഘത്തെയും വധുവിന്റെ ബന്ധുക്കള്‍ കൈകാര്യം ചെയ്തതാണ് സ്ഥലത്ത് സംഘര്‍ഷത്തിനിടയാക്കിയത്.
തൊടിയൂര്‍ വടക്ക് സ്വദേശിനിയായ യുവതിയും കരുനാഗപ്പള്ളി സ്വദേശി യുവാവും തമ്മിലുള്ള നിക്കാഹ് കഴിഞ്ഞ് താലി ചാര്‍ത്താന്‍ വേദിയിലെത്തിയപ്പോഴാണ് വരനെ ഇഷ്ടമല്ലെന്നും തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്നും വധു പറഞ്ഞത്.
ഇതറിഞ്ഞ് ഞെട്ടിയ വരന്‍ ബന്ധുക്കളുമായി ആലോചിച്ച് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചു. ഇതിനിടെ വധുവിന്റെ ബന്ധുക്കള്‍ ഏതുവിധേനയും വിവാഹം നടത്താന്‍ ശ്രമിക്കുന്നതിനിടെ സദസിലുണ്ടായിരുന്ന വധുവിന്റെ കാമുകനും സംഘവും വേദിയിലെത്തി.
ഇതോടെ വിവാഹവേദി ആകെ സംഘര്‍ഷഭരിതമായി. വധുവിന്റെ ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെ വധുവിന്റെ പിതാവ് തൊടിയൂര്‍ വടക്ക് കൊച്ചയ്യത്ത് തെക്കതില്‍ അബ്ദുള്‍റഹിം ബോധരഹിതനായി. ഇയാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ പോലീസ് തൊടിയൂര്‍ അരമണത്തുമഠം സ്വദേശിയായ കാമുകന്‍ അന്‍ഷാദിനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തു. ഇതിനിടെ വരനും സംഘവും പ്രശ്‌നങ്ങളില്‍ നിന്നും തടിയൂരി സ്ഥലംവിട്ടു. പൊലീസ് സ്റ്റേഷനില്‍ മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തു.
അന്‍ഷാദുമായി അടുപ്പത്തിലായ യുവതിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചാണ് വിവാഹത്തിന് എത്തിച്ചതെന്ന് പരാതിയുണ്ട്. വധുവിനെ ബന്ധുക്കള്‍ വീട്ടിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications