2 മലയാളികള്‍ സൗദിയില്‍ ശ്വാസം മുട്ടി മരിച്ചു
ജിദ്ദ: സൗദി അറേബ്യയിലെ അല്‍കോബാറില്‍ രണ്ട് മലയാളികളും ഒരു ഈജിപ്തുകാരനും ശ്വാസം മുട്ടി മരിച്ചു. ഇവിടത്തെ വാണിജ്യ കോംപ്ലക്‌സിന്റെ ഭൂഗര്‍ഭ മാലിന്യ ടാങ്കിനുള്ളില്‍ അറ്റകുറ്റപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന മലയാളി യുവാക്കളും നിലവിളികേട്ട് രക്ഷിക്കാന്‍ ടാങ്കില്‍ ഇറങ്ങിയയാളുമാണ് മരിച്ചത്.
ഇവര്‍ക്കൊപ്പം ജോലിചെയ്യുകയായിരുന്ന മറ്റൊരു മലയാളിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്.
തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ പള്ളിക്കടവ് റോഡ് സ്വദേശി സുനേഷ് (27), തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി സുനില്‍ (38), ഈജിപ്തുകാരനായ ഹാത്തിഫ് എന്നിവരാണ് മരിച്ചത്. സുനിലിന്റെ ബന്ധു രാജേന്ദ്രന്‍ നായരാണ് ആശുപത്രിയില്‍ കഴിയുന്നത്.
അല്‍കോബാര്‍ നഗരത്തിലെ കോര്‍ണിഷിലുള്ള തമീമി മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഭൂഗര്‍ഭ മാലിന്യ ടാങ്കിലാണ് അപകടം സംഭവിച്ചത്. ടാങ്കിനകത്തെ വിഷവായു ശ്വസിച്ചാണ് ദുരന്തമുണ്ടായത്.
ടാങ്കിലെ പമ്പിങ് മോട്ടോര്‍ നന്നാക്കുന്ന പണിയിലായിരുന്നു മെയിന്റനന്‍സ് ജീവനക്കാരായ അഞ്ച് പേരും. ആഴത്തിലുള്ള ടാങ്കിലെ കനത്ത ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.
ജീവനക്കാര്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ കരുതിയിരുന്നില്ല. ടാങ്കില്‍ ഇറങ്ങുമ്പോള്‍ ശരീരം കയര്‍കൊണ്ട് കെട്ടി ഭൂതലത്തില്‍ നില്‍ക്കുന്നവരുമായി ബന്ധിക്കണമെന്ന നിര്‍ദേശവും പാലിച്ചില്ലെന്ന് ആരോപണങ്ങളുണ്ട്.
വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ തൊഴിലാളികള്‍ ആഴമുള്ള മാലിന്യ ടാങ്കിനകത്ത് ഇറങ്ങിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് കിഴക്കന്‍ പ്രവിശ്യ അഗ്‌നിശമന വിഭാഗം ഔദ്യോഗിക വക്താവ് മന്‍സൂര്‍ ദൂസിരി പറഞ്ഞു.












Click it and Unblock the Notifications