സ്‌പേസിലേയ്ക്ക് ബാംഗ്ലൂരില്‍ നിന്നും 100കിമി!!
ബാംഗ്ലൂര്‍: വിവാഹം കഴിഞ്ഞാല്‍ മധുവിധു ആഘോഷിക്കാന്‍ തയ്യാറെടുക്കുകയെന്നതാണ് പലപ്പോഴും ദമ്പതിമാര്‍ പ്രാധാന്യം നല്‍കുന്ന ആദ്യകാര്യം. പലരും ഇതിനായി വ്യത്യസ്തകള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
സ്വദേശത്തും വിദേശത്തുമുള്ള സുന്ദരമായ സ്ഥലങ്ങളാണ് മിക്കവരും ഇതിനായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഒരു മാറ്റത്തിന് ബഹിരാകാശത്ത് മധുവിധു ആഘോഷിച്ചാല്‍ എങ്ങനെയിരിക്കും. തമാശയല്ല, ബഹിരാകാശത്ത് മധുവിധു ആഘോഷിക്കാന്‍ അവസരമൊരുങ്ങുന്നു.
ഇതിനായി ബാംഗ്ലൂരില്‍ ഒരു സ്‌പേസ് സിറ്റി തന്നെ ഒരുങ്ങുകയാണ്. ബാംഗ്ലൂരില്‍ നിന്നും നൂറുകിലോമീറ്റര്‍ അകലെ ചിക്കമംഗളൂരിലെ ബാഗെപള്ളിയിലാണ് പുതിയ പദ്ധതി വരുന്നത്.
മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ നിക്ഷേപങ്ങള്‍ക്കുവേണ്ടിയുള്ള ഉന്നതതലസമിതി ഈ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു. 1600 ഏക്കറില്‍ 18,500 കോടി മുതല്‍മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് ഇത്തരത്തിലൊരു പദ്ധതി ഇതാദ്യത്തേതാണ്.
അബുദബി, മലേഷ്യന്‍ സംയുക്ത സംരംഭമായ മാരിബ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇതു നിര്‍മിക്കുന്നത്. അബുദാബി രാജകുടുംബാംഗമായ ഷേക്ക് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് ബിന്‍ ഖാലിദ്് അര്‍ നഹ്യാന്‍ ഈ കമ്പനിയുടെ പ്രധാന പ്രൊമോട്ടറാണ്.
അദ്ദേഹം അടുത്ത മാസം ബാംഗ്ലൂരിലെത്തും. റിയല്‍ എസ്റ്റേറ്റ്, ഹോട്ടലുകള്‍, ആതിഥേയ മന്ദിരങ്ങള്‍, ഉല്ലാസ കേന്ദ്രങ്ങള്‍, നക്ഷത്ര സമൂഹത്തിന്റെ രൂപത്തിലുള്ള സ്‌പേസ് ഷട്ടില്‍ സ്റ്റേഷന്‍, മ്യൂസിയം, നക്ഷത്ര ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്‌പേസ് സിറ്റി
ശാസ്ത്രം, സാങ്കേതികത, കല, ഡിസൈന്‍, പരിസ്ഥിതി, വിനോദം എന്നിവയെ സംയോജിപ്പിച്ചുള്ള പദ്ധതിയാണിത്. ശാസ്ത്ര സാങ്കേതിക ഉദ്യാനം, പ്രദര്‍ശന കേന്ദ്രങ്ങള്‍, മാളുകള്‍, മാധ്യമങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും.
തികച്ചും മാലിന്യമുക്തമായ അന്തരീക്ഷത്തിലായിരിക്കും സ്‌പേസ് സിറ്റി പ്രവര്‍ത്തിക്കുക. നഗരകവാടത്തില്‍ നിന്നും മറ്റിടങ്ങളിലേക്കു പോകാന്‍ മോണോറെയില്‍, വൈദ്യുതി കാറുകള്‍ ഉണ്ടായിരിക്കും.
ഭൂമി ലഭിക്കാന്‍ ബാഗെപള്ളിയില്‍ പ്രയാസമില്ല. എന്നാല്‍ വെള്ളം ഒരു പ്രശ്‌നമാണ്. എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ മഴവെള്ളത്തെ ആശ്രയിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ പാഴായിപ്പോകുന്ന മഴവെള്ളം സംഭരിക്കാന്‍ ഒരു വന്‍സംഭരണിയും ഇവിടെ വരുമെന്നുറപ്പായിരിക്കുകയാണ്. മൊത്തം 20,000 പേര്‍ക്ക് പ്രത്യക്ഷത്തില്‍ ഇവിടെ ജോലി ലഭിക്കും.












Click it and Unblock the Notifications