അഭിമാനക്കൊലയ്‌ക്കെതിരെ നിയമം വരുന്നു
ദില്ലി: രാജ്യത്ത് വര്‍ധിച്ച് വരുന്ന അഭിമാനക്കൊലപാതകങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കും.
ബില്ലിന്റെ കരടുരൂപം തയ്യാറായതായി കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ നിയമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലപാതകവുമായി ബന്ധപ്പെട്ട പല നിയമങ്ങളിലും ഭേദഗതിവരുത്തിയായിരിക്കും പുതിയ ബില്‍ പാസ്സാക്കുക. നിരപരാധിത്വം തെളിയിക്കുകയെന്നത് പ്രതിയുടെ ചുമതലയാവും. തെളിവുനിയമത്തിലും സ്‌പെഷല്‍ മാര്യേജ് ആക്ടിലും മാറ്റം വരുത്തും.
ഖാപ്പ് പഞ്ചായത്തുകള്‍ക്ക് കൂച്ചുവിലങ്ങിടുന്ന വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ടാകും. തങ്ങളുടെ മധ്യകാല നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ആരെയെങ്കിലും ബഹിഷ്‌കരിക്കുകയോ ആക്രമിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്താല്‍ ഖാപ്പ് പഞ്ചായത്ത് അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിനും തടവുശിക്ഷ നല്‍കുന്നതിനും വകുപ്പുണ്ടാകും.
വ്യക്തികളുടെ സ്വതന്ത്രമായ അവകാശത്തെ തടയുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശക്തമായ ശിക്ഷ നല്‍കുന്നതാവും നിയമം.
രാജ്യത്ത് മാനം കാക്കല്‍ കൊല തുടര്‍ക്കഥയാവുകയും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ സുപ്രീംകോടതിയുടെ നിശിത വിമര്‍ശനത്തിനിരയാവുകയും ചെയ്തതോടെയാണ് നിയമനിര്‍മാണം വേഗത്തിലാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.
ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരാണ് രണ്ടുദിവസത്തിനിടെ മാനം കാക്കല്‍ കൊലയ്ക്കിരയായത്. അന്യജാതിയില്‍പ്പെട്ടവരെ വിവാഹം ചെയ്തതായിരുന്നു കുറ്റം.
ഹരിയാന, പഞ്ചാബ്, ജാര്‍ഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് നിത്യസംഭവമാണ്. ഇത് തടയാന്‍ കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് സുപ്രീംകോടതി തിങ്കളാഴ്ച റിപ്പോര്‍ട്ട് തേടിയിരുന്നു.












Click it and Unblock the Notifications