ഉത്തരക്കടലാസ് തിരുത്താന്‍ രാത്രിയില്‍ പരീക്ഷ
ബാംഗ്ലൂര്‍: കോളേജ് മാനേജ്‌മെന്റിന്റെ അനുവാദത്തോടെ പകലെഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ് രാത്രിയില്‍ തിരുത്തിയ വിദ്യാര്‍ത്ഥി സംഘം അറസ്റ്റിലായി.
കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗയിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബി.എഡ്. കോളേജില്‍ ചൊവ്വാഴ്ച രാത്രിയാണ് വിചിത്രമായ സംഭവം നടന്നത്.
40 ഓളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് കോളേജധികൃതര്‍ രാത്രി പരീക്ഷ എഴുതാന്‍ അനുവാദം നല്കി. ഇതിനു പുറമെ കോപ്പിയടിക്കാനും അവസരം നല്കിയതായി പരാതിയില്‍ പറയുന്നു.
രഹസ്യവിവരം കിട്ടിയ ഡെപ്യൂട്ടി സൂപ്രണ്ട് മധുരവീണയുടെ നേതൃത്വത്തിലുള്ള സംഘം കോളേജില്‍ റെയ്ഡ് നടത്തി. 25 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 1.07 ലക്ഷം രൂപ, 19 മൊബൈല്‍ ഫോണുകള്‍, മൂന്ന് ഇരുചക്ര വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
ഉത്തര്‍പ്രദേശ് സ്വദേശികളായ 22 പേര്‍, ഒരു മധ്യപ്രദേശ് സ്വദേശി, നാല് കര്‍ണാടകക്കാര്‍ എന്നിവരാണ് പിടിയിലായത്. ജൂണ്‍ 18, 19, 22 തിയ്യതികളില്‍ നടന്ന പരീക്ഷയുടെ ഉത്തരക്കടലാസാണ് ഇവര്‍ തിരുത്തിയത്.
അതേസമയം, കൂട്ട കോപ്പിയടി നടന്ന ഗുല്‍ബര്‍ഗ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബി.എഡ്. കോളേജിലെ പരീക്ഷാകേന്ദ്രം റദ്ദാക്കിയതായി ഗുല്‍ബര്‍ഗ സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നീക്കമുണ്ട്. സംഭവത്തെക്കുറിച്ച് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications